പേജുകള്‍‌

2012, മാർച്ച് 7, ബുധനാഴ്‌ച

മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല! - ലേഖനം



കേരളത്തിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായിരിക്കണം എന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2011 മേയ് 6ന് ആയിരുന്നു. ഈ ഉത്തരവുണ്ടായതു മേയ് മാസത്തിലായത് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ അതു നടപ്പിലാക്കുവാന്‍ സഹായകമായി. മന്ത്രിസഭാമാറ്റത്തിനിടയില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുവാനുള്ള ശ്രമം എവിടെയൊക്കെയോ ഉണ്ടായത്രെ. ഡോ. സുകുമാര്‍ അഴീക്കോട്, പ്രൊഫ. ഒഎന്‍വി കുറുപ്പ് എന്നിവരുടെ സമയോചിത ഇടപെടലും ഈ ആവശ്യത്തിനുവേണ്ടി സമരരംഗത്തുള്ളവരുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ജാഗ്രതയും മൂലം അട്ടിമറി ശ്രമങ്ങള്‍ക്കു പരാജയം ഉണ്ടായി. മലയാളത്തിന് 'ഒന്നാംഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന ഏതാനുമാളുകള്‍ എത്രയോ വര്‍ഷം മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന ഈ നടപടിയെ വൈകിച്ചുപോരുന്നു.
മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനപ്രകാരം പീരിയഡ് ക്രമീകരണം ഡിപിഐ തയ്യാറാക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിക്കഴിഞ്ഞു. എങ്കിലും ഉത്തരവിന്റെ കരടില്‍ 'ഒന്നാംഭാഷ’ എന്ന പ്രയോഗം ഉപേക്ഷിച്ച് 'നിര്‍ബന്ധിത ഭാഷ’ എന്നാക്കി മാറ്റിയത് മലയാളം ഒന്നാംഭാഷയാക്കുന്നതിനോട് എതിര്‍പ്പുള്ള ചിലരുടെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നു പറയപ്പെടുന്നു. മലയാളത്തിന് 'ഒന്നാം ഭാഷ’ എന്ന പദവി ലഭിക്കുന്നതില്‍ വൈകാരികമായ എതിര്‍പ്പുള്ള ഏതാനുമാളുകളാണ്, വര്‍ഷങ്ങള്‍ക്കു മുമ്പേ നടപ്പിലാക്കേണ്ടിയിരുന്ന തീരുമാനത്തിന് തടസ്സമായത് എന്നു വേണം അനുമാനിക്കുവാന്‍. 2010 ഡിസംബര്‍ 22ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് മാതൃഭാഷ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാഷാസ്‌നേഹികള്‍ സെക്രട്ടറിയേറ്റിനടയില്‍ സമരം നടത്തുന്നതു നമുക്കു ലജ്ജാകരമാകുന്നു എന്നാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു അവസ്ഥ നിലനില്ക്കുന്നില്ല എന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിച്ച ശേഷവും ഫലത്തില്‍ മലയാള പഠനത്തിന് ആഴ്ചയില്‍ ഒരു പീരിയഡിന്റെ വര്‍ദ്ധനവേ ഉണ്ടാകുവാന്‍ പോകുന്നുള്ളു. നിര്‍ബന്ധിത ഒന്നാംഭാഷയായ മലയാളത്തേക്കാള്‍ കൂടുതല്‍ പീരിയഡുകളുള്ളത് ഇംഗ്ലീഷിനു തന്നെ. ആഴ്ചയില്‍ ആറു പീരിയഡുള്ളതും എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതുമായ ഇംഗ്ലീഷ് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഒന്നാംഭാഷയായി തുടരുക? ഒന്നാം ഭാഷയെന്നും രണ്ടാം ഭാഷയെന്നുമുള്ള ലേബലുകള്‍ പരസ്പരം മാറ്റി ഒട്ടിച്ചതു കൊണ്ടുമാത്രം മലയാളത്തിന് നാം ആഗ്രഹിക്കുന്ന പ്രാധാന്യം സിദ്ധിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന ആശങ്ക. അറബി, ഉര്‍ദു, സംസ്കൃതം, കന്നഡ തുടങ്ങിയ ഭാഷകള്‍ പഠിച്ച് മലയാളം ഒഴിവാക്കിയ വിദ്യാര്‍ത്ഥികള്‍ മലയാളവും പഠിക്കണം എന്ന അവസ്ഥ നിലവില്‍ വരുന്നുണ്ടെന്നാശ്വസിക്കാമെങ്കിലും മാതൃഭാഷയായ മലയാളത്തിന് നമ്മുടെ വിദ്യാലയങ്ങളില്‍ നഷ്ടപ്പെട്ടുപോയ മഹിമയും പ്രതാപവും വീണ്ടെടുക്കുവാന്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. ഇവിടെ പാഠപുസ്തകങ്ങളിലും പഠനരീതിയിലും വന്ന മാറ്റങ്ങളും പുനഃപരിശോധിക്കേണ്ടിവന്നിരിക്കുന്നു. ഇതിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധന്മാര്‍ക്ക് പല മേന്മകളും എണ്ണിപ്പറയുവാന്‍ ഉണ്ടാകുമെങ്കിലും ഇന്നത്തെ മുതിര്‍ന്ന തലമുറയ്ക്ക് സ്കൂള്‍ വിദ്യാഭ്യാസ കാലത്തു സിദ്ധിച്ച ഭാഷാപ്രാവീണ്യവും സാഹിത്യപരിചയവും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കു സിദ്ധിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതാണ്. ഭാഷയെ സംബന്ധിച്ചു മലയാളികളുടെ ചിന്താഗതികളില്‍ വന്ന മാറ്റങ്ങളാണ് വിദ്യാഭ്യാസരംഗത്തും കുറച്ചുകാലമായി പ്രതിഫലിക്കുന്നത്. മലയാളിയുടെ ജീവിതം കേരളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുവാനുള്ളതല്ല എന്ന പ്രായോഗികചിന്ത പ്രധാനമാണ്. ശാസ്ത്ര-സാങ്കേതിക യുഗത്തില്‍ ഭാഷാപഠനത്തിനു പ്രസക്തിയില്ല എന്ന ചിന്താഗതിയാണ് മറ്റൊന്ന്. ആധുനികത പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യമാണ് ആവശ്യം എന്ന ബോദ്ധ്യമാണ് മറ്റൊരു ഘടകം. ഈ ചിന്താഗതികളോടു വിയോജിക്കേണ്ട കാര്യമില്ലെങ്കിലും മാതൃഭാഷയ്ക്ക് മനുഷ്യജീവിതത്തിലുള്ള സ്ഥാനം തിരിച്ചറിയണം എന്ന് അപേക്ഷിക്കുകയാണിവിടെ ചെയ്യുന്നത്.
മാതൃഭാഷയ്ക്ക് ഒരു ജനതയുടെ ചരിത്രവുമായി ഗാഢ ബന്ധമുണ്ട്. അതു വിസ്മരിക്കരുത്. മലയാളികളെ ഏകീകരിച്ച ശക്തി മലയാളമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു പ്രദേശങ്ങളായി, മൂന്നു ഭരണകേന്ദ്രങ്ങളുടെ കീഴില്‍ ജീവിച്ചപ്പോഴും മലയാളം മാതൃഭാഷയായ പ്രദേശത്തെ മുഴുവന്‍ കേരളമായി കണ്ടു ജീവിക്കുകയും ഏകീകൃത കേരളത്തിനായി വാദിക്കുകയും ചെയ്തവരാണ് നാം എന്നതു മറക്കാറായിട്ടില്ല.അതിനുമുമ്പ് നിരവധി നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നപ്പോഴും മലയാളിയുടെ പൊതുവായ സ്വത്വത്തെ നിലനിര്‍ത്തിയതും ഈ ഭാഷയാണ് എന്നത് എങ്ങനെ മറക്കുവാന്‍ കഴിയും? ചരിത്രത്തോടൊപ്പം സഞ്ചരിച്ച് നമ്മുടെ സാമൂഹികബന്ധങ്ങളെ ഊട്ടിയുറപ്പിച്ചതും മാതൃഭാഷയായ മലയാളം തന്നെയല്ലേ? മനുഷ്യബന്ധങ്ങള്‍ക്ക് അധികം വിലകല്പിക്കാത്ത നാഗരിക സംസ്കാരത്തിന്റെ ആധിപത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ വെറും കാല്പനിക സങ്കല്പങ്ങള്‍ മാത്രമല്ലേ എന്നു തോന്നിയേക്കാം. പക്ഷേ, ബന്ധങ്ങളെ അവഗണിക്കുന്നതിന്റെ ദുരന്തങ്ങള്‍ ജീവിതത്തില്‍ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കയാണ്. കുടുംബബന്ധങ്ങള്‍, സാമൂഹികബന്ധങ്ങള്‍, ചിരന്തനമായ മൂല്യങ്ങള്‍ ഇവയെക്കുറിച്ചെല്ലാമുള്ള അവബോധങ്ങള്‍ മാതൃഭാഷയിലൂടെയാണ് രക്തത്തില്‍ കലരുന്നത്. മാതൃഭാഷയെ മറക്കുമ്പോള്‍ ഇതെല്ലാം വിസ്മൃതിയിലാകുന്നു. ക്ലാസ്സുമുറികളില്‍ സാഹിത്യകൃതികള്‍ പഠിക്കുമ്പോഴും കുട്ടികള്‍ക്കു പകര്‍ന്നു കിട്ടുന്നത് ഒരു ജനതയുടെ സ്ഥായിയായ മൂല്യബോധമാണ്. മാനവികതയിലേക്കുള്ള ചുവടുവയ്പാണു മാതൃഭാഷാപഠനം. “പ്രൊഫഷണലിസം’ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറിക്കഴിഞ്ഞു. ആയിക്കൊള്ളട്ടെ, പക്ഷേ, അതോടൊപ്പം വേണ്ടതാണു ഹ്യൂമനിസവും.
പരിസ്ഥിതിയെക്കുറിച്ചുള്ള വിലാപങ്ങള്‍ ഉയരുമ്പോഴും നാം ഓര്‍ക്കേണ്ടത് നമ്മെ പ്രകൃതിയുമായി വൈകാരികമായി ബന്ധപ്പെടുത്തുന്ന മാതൃഭാഷയെയും അതിലെ കാവ്യസംസ്കാരത്തെയുമാണ്. പ്രകൃതിയില്‍ നിന്നു ഭിന്നമല്ല കവിത. അതിനാല്‍ത്തന്നെ പ്രകൃതിയുമായി നമ്മുടെ തലമുറകളെ അടുപ്പിച്ചു നില്‍ത്തുവാന്‍ കവിതാപഠനവും ആവശ്യമത്രേ. മലയാളത്തെ ഒന്നാംഭാഷയായും നിര്‍ബന്ധിത ഭാഷയായും പ്രഖ്യാപിച്ചതുകൊണ്ടായില്ല. അതനുസരിച്ച് കഴമ്പുള്ള പാഠപുസ്തകങ്ങള്‍ ഉണ്ടാകുകയും ഭാഷയിലും സാഹിത്യത്തിലും വിദ്യാര്‍ത്ഥിക്കുള്ള അവഗാഹം വിലയിരുത്തുന്ന പരീക്ഷാസമ്പ്രദായം ഉണ്ടാകുകയും കൂടി വേണം. സാഹിത്യാസ്വാദനത്തിലേക്കു നയിക്കുന്ന അദ്ധ്യയനരീതിയും അനുപേക്ഷണീയമാണ്. ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ ഉണ്ടാകുന്ന മാറ്റം ഹയര്‍സെക്കണ്ടറിയിലും ഡിഗ്രിതലത്തിലും സംഭവിക്കുമ്പോള്‍ മാത്രമാണ്, മലയാളത്തിന് മാതൃഭാഷയുടെ പദവി ലഭിക്കുക.
കെ. പി. ശ്രീകുമാര്‍
സെക്രട്ടറി
മലയാളഭാഷാദ്ധ്യാപകസമിതി
മൂവാറ്റുപുഴ

21 അഭിപ്രായ(ങ്ങള്‍):

shamla said...
അവസരോചിതം സ്രീകുമാര്സര്‍
Sreeram Mangalas said...
വളരെ നന്നായി ശ്രീകുമാര്‍ സര്‍.
വിജ്ഞാനപ്രദം. അഭിനന്ദനങ്ങള്‍.
Beena, Mulakkulam said...
നമ്മള്‍ മലയാളം അധ്യപകരല്ലാതെ മലയാളത്തിനു വേണ്ടി മുറവിളി കൂട്ടുന്നതരാണ്?മലയാളിക്കിന്നു മലയാളം വേണ്ട !മലയാളത്തിനു എന്തിനാ ആറുപീരീഡ്‌?മറ്റു വിഷയങ്ങള്‍ അല്ലെ കൂടുതല്‍ പീരീഡ്‌ എടുത്തു പഠിപ്പിക്കേണ്ടത് ?മലയാളത്തിനു പഠിചില്ലെലും പഠിപ്പിചില്ലേലും മാര്‍ക്ക്‌ കിട്ടും.എന്നിത്യാദി വാദങ്ങള്‍ വിളംബുന്നിടത് ശ്രീകുമാര്‍ സാറിന്റെ ഈ ലേഖനത്തിന്റെ ഒരു കോപ്പി എടുത്തു ഒട്ടിച്ചു വെച്ചാലോ എന്നോര്‍ക്കുകയാണ് !ഇതു എല്ലാവരും വായിക്കാന്‍ എന്താ പണി ? നന്ദി സര്‍
azeez said...
മലയാളത്തെ കേരളത്തില്‍ നിന്നുമകറ്റണമെന്നു താല്‍പര്യമുള്ളവര്‍ പ്രചരിപ്പിച്ചിരുന്ന പല കുപ്രചരണങ്ങള്‍ക്കും ഈ ലേഖനം മറുപടി നല്‍കുന്നു.
കോഴിക്കോടന്‍ മുസ്ലിംകളുടെ മാധ്യമവും കോട്ടയം അച്ചായന്‍റെ പത്രവും സംശയം എരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇനി മുതല്‍ ബസ്സില്ല, കറണ്ടാഫീസില്‍ പോകുന്നുവെന്നു പറയരുത്. അറബിയുടെ ഡ്രൈവറായി പോകുന്ന കുഞ്ഞാലിയോട് നാളെ ഒരു ഇന്‍റ്൪വ്യു ഉണ്ട് എന്ന് പറയുമ്പോള്‍ മുഖാമുഖം എന്നു പറഞ്ഞുപഠിച്ച അവനു മനസ്സിലാകില്ല, അത് ഇന്‍റ്൪വ്യു എന്നു പറയുവാന്‍ ഇംഗ്ലീഷ് പഠിച്ച "സവര്‍ണ്ണമേധാവിത്വത്തിന്‍റേയും വരേണ്യവര്‍ഗ്ഗത്തിന്‍റേയും" മക്കള്‍ അപഹരിക്കുക വഴി കുഞ്ഞാലിമാര്‍ വീണ്ടും വിറകുവെട്ടികളും വെള്ളംകോരികളുമാകും.
വളരെ ഹിംസാത്മക‌മായ പ്രചരണങ്ങളാണ് മാതൃഭാഷക്കെതിരെ ഈ കോണുകളില്‍ നിന്നും നാം കേള്‍ക്കുന്നത്.
ഇതുവായിക്കുന്ന ഒരാള്‍ക്കു തോന്നും ഇംഗ്ലീഷിനു നല്‍കിയിരുന്ന എല്ലാ പിരീഡും എടുത്ത് മലയാളം അധ്യാപകര്‍ക്കു നല്‍കിയെന്ന്. യഥാര്‍ത്ഥ സ്ഥിതി ശ്രീകുമാര്‍ സര് എഴുതുന്നതുവരെ എനിക്കറിയില്ലായിരുന്നു. ഇംഗ്ലീഷിനു ലോകഭാഷ എന്ന നിലയ്ക്കുള്ള പ്രാധാന്യം സാര്‍ എഴുതുന്നുണ്ട്. അതെല്ലാവരും അംഗീകരിക്കുന്നു. ശാസ്ത്രവും ടെക്നോളജിയും പുസ്തകമായി വരുന്നത് ഇംഗ്ലീഷിലൂടെ തന്നെയാണ്. അതും സമ്മതിക്കുന്നു.പക്ഷേ, മാതൃഭാഷയെ ഇല്ലാഴ്മ ചെയ്തിട്ടുവേണോ നമ്മുടെ മക്കളെ വിദേശ തൊഴില്‍ തെണ്ടികളാക്കുവാന്‍. മാതൃഭാഷക്ക് തൊഴില്‍ തെണ്ടുന്ന ഒരു ജോലി മാത്രമേ ഇവര്‍ കാണുന്നുള്ളുവോ. മാതൃഭാഷ ഒരാളുടെ സംസ്കാരത്തേയും ഭക്ഷണത്തേയും ചരിത്രം കല സംഗീതം ഇവയേയുമൊക്കെ എങ്ങിനെ സ്വാധീനിക്കുന്നു വെന്നു സാറിന്‍റെ ഈ ലേഖനം വരച്ചുകാട്ടുന്നു.സാറിന്‍റെ ലേഖനം മാധ്യമത്തിനും അയച്ചുകൊടുക്കണം സാര്‍
നന്ദി
എന്‍ബി:
ലേഖനം രണ്ടുപ്രാവശ്യം പേസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലേഖനം ആവര്‍ത്തിക്കുന്നുണ്ട്.
lissiammacm said...
മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുണ്ടെങ്കില്‍ പ്രശ്നം തീരില്ലേ?
Veejyots said...
nannayi sir,, nalla post..

abhinandanangal
jjktimes said...
ഈ ആശ്വാസ വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍........ എങ്കിലും ഒന്നു പറഞ്ഞോട്ടെ
മലയാളത്തിനു് എത്ര പീരിഡ് എന്നു തീരുമാനിക്കന്നത് സത്യത്തിലാര്.. ബഹു. ഹെഡ് മാസ്ററര്‍ അവര്‍കള്‍ തന്നെ.സ്കൂളിലെ സാഹചര്യമനുസരിച്ച് തീരുമാനിക്കന്നതിനുളള വിവേചനാധികാരം
ഉണ്ടത്രേ.... 5 കിട്ടിയതു തന്നെ ഭാഗ്യം കണ്ണടച്ചിരുട്ടാക്കിയിട്ടെന്തു കാര്യം?
Dr.B.G.Gokulan said...
എത്ര കാലമായുള്ള കാത്തിരുപ്പാണ് ഈ മലയാളം ഭാഷ നിര്‍ബന്ധമാക്കല്‍...അഭിനന്ദനങ്ങള്‍...ഇനി കുട്ടികള്‍ക്ക് ചെറിയ ചെറിയ മലയാള ശാസ്ത്ര സാഹിത്യ കൃതികള്‍ / പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് നന്നായിയിരിക്കും എന്ന് തോന്നുന്നു.. അതുപോലെ പ്രാധാന്യമാണ് ഭാഷ സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതും..ഏതായാലും യുവ തലമുറ അധ്യാപകര്‍ ഇത്തരം പ്രൊഫഷണല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.. ആശ്വാസവും...
Dr.B.G.Gokulan said...
http://epaper.mathrubhumi.com/index.php?cat=19
A J J M G H S S said...
ഏറെ പ്രയോജനപ്രതം
KEERTHANA said...
ഇത് വളരെ നല്ല ഒരു LEHKANAM ആണ്. വായനകാരനെ ചിന്തിപികുകയും ആകാംഷ ഉണര്‍ത്തുകയും ചെയുന്ന ഒന്നാണ് ഇത്.
ഇനിയും ഇത്പോലെ വളരെ നല്ല ലെഹ്കനഗല്‍ എശുതനം .
A T S J said...
പ്രിയപ്പെട്ട ടീച്ചറിന ഞങ്ങലുടെ ഒരായിരം ആശംസകല്‍
നല്ല ഭാഷ ശൈലി ആയിട്രുന്നു
FARSANA said...
മലയാളഭാഷയെ ഒന്നാം ഭാഷയായി അന്ഗീകരിച്ചതില് തങ്ങളുടെ ഈ ലേഖനം വലെരെയതികം പ്രദാന്യം അര്ഹിക്കുന്നധാണ്
A J J M G H S S said...
നല്ല ഒരു ലേഖനം
SREEMOL BABU. said...
മലയാളം ഒന്നാം ഭാഷയാക്കി മാറ്റിയതില് ഏരിയ പങ്കും താങ്കളുടെ ഈ ലേഖനം പുറത്തു വന്നത് മുതലാണ് .
NIMISHA S said...
നല്ല ലേഖനം ആണ് .
pilicode said...
ചെറു തായില്ല ചെറു പ്പം രണ്ടാം ഭാഗം വീഡിയോ കിട്ടുന്നില്ലല്ലോ
tresa raju said...
enta matru bhashayaya malayalama ninakku vandhanam;;;;;;;;
sri kumar sir valara nannayi'
thikachum avasarochitham.
azeez said...
ശ്രീകുമാര്‍ സാറെ, ലേഖനം ഒന്നുകൂടി വായിച്ചു. എത്ര നല്ല കമന്‍റുകളാണ് കിട്ടിയിരിക്കുന്നത്.

മലയാളം സംസാരിക്കുവാന്‍ കുട്ടികളെ ഇവിടെയുള്ള മലയാളി അമ്മമാര് ‍സമ്മതിക്കാറില്ല.സംസാരിച്ചുപോയാല്‍ നാവ് വീണ്ടെടുക്കുവാന്‍ പ്രയാസമാണത്രെ.പിന്നീട് ഇംഗ്ലീഷ് പറയുമ്പോള്‍ നാവിന് ഒരു ഇന്ത്യന്‍ ട്ടങ്ങിന്‍റെ കട്ടിപ്പു വരുമെന്ന് .അമ്മമാര്‍ക്കല്ലെ പ്രയാസങ്ങളറിയൂ.കാര്യമുണ്ടാവും.

ഈയിടെ പള്ളിയിലെ ഒരു പുരോഹിതന്‍ ഒരു വീട്ടില്‍ വിരുന്നിനു പോയി.
കുട്ടിയോട് അച്ചടക്കത്തിലിരിക്കണമെന്നും ബഹുമാനത്തോടെ അച്ചനോട് പെരുമാറണമെന്നും അമ്മ കുട്ടിയെ ഗുണദോഷിച്ചിരുന്നു.
അതുപോലെ കുട്ടി പെരുമാറി. കുട്ടിയെ വാല്‍സല്യത്തോടെ അരികിലിരുത്തി അച്ചന്‍ കുട്ടിയുടെ പേരു ചോദിച്ചു.
കുട്ടി നല്ല മിടുക്കനായി പേരു പറഞ്ഞു.അതുകേട്ട അമ്മയും അച്ഛനും സന്തോഷിച്ചു.
പിന്നെ ആ പുരോഹിതന്‍ ചോദിച്ചു മോനു എന്നെ മനസ്സിലായോ എന്നു.
അപ്പോള്‍ ആ കുട്ടി പറഞ്ഞു."I know , mummy told me ഇയാള്‍ വല്യ പുള്ളിക്കാരനാണെന്നു."
ഇതൊക്കെയാണ് ഞങ്ങളുടെ മലയാളം.
ഒരു തരം റണ്ണിക്കോ മമ്മീ റണ്ണിക്കോ ഓലമടല്‍ ഈസ് കമിങ് ശൈലിയാണ് ഞങ്ങള്‍ തന്തമാര്‍ക്കും.
ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ മലയാള അദ്ധ്യാപകര്‍ പ്രാര്‍ത്ഥിക്കേണമേ.
Sreekumar Elanji said...
ലേഖനം വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും വിശിഷ്യ നമ്മുടെ അസീസിനും പ്രത്യേക നന്ദി....പ്രാധാന്യത്തോടെ ബ്ലോഗില്‍ ചേര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി...എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.. ഇനി പ്രത്യേക താല്‍പ്പര്യം എടുക്കേണ്ടത് നമ്മള്‍ തന്നെയാണ്.
പുറമേ നിന്നും ധാരാളം പേര്‍ വായിച്ചു അഭിപ്രായം അറിയിച്ചതായി കാണുന്നതില്‍ സന്തോഷമുണ്ട്.....
krishnanand said...
great sir

ആടുജീവിതം - പുസ്തകപരിചയം



സഹൃദയരായ വായനക്കാര്‍ മാത്രമല്ല സകല മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബന്യാമിന്റെ ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് എന്നല്ല ചോര വാരുന്ന ജീവിതമാണ് ഇതിലുള്ളത്. പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ നോവലാണ് ആടുജീവിതം. ബഹറിനില്‍ താമസക്കാരനായ പത്തനംതിട്ട കുളനട സ്വദേശി ബെന്നി ഡാനിയേല്‍ എന്ന ബന്യാമിനാണ് നോവലിസ്റ്റ്. യൂത്തനേസിയ, ബ്രേക്ക് ന്യൂസ്, പെണ്‍മാറാട്ടം, ഗെസാന്റെ കല്ലുകള്‍, ഇരുണ്ട വനസ്ഥലികള്‍, അബീശഗില്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്റെ രണ്ടാംപുസ്തകം, ആടുജീവിതം എന്നിവയാണ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബന്യാമിന്റെ കൃതികള്‍.
തികച്ചും യാഥാസ്ഥിതികമായ നസ്രാണികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബന്യാമില്‍ പഴയനിയമകഥകളില്‍ അഭിരമിച്ച് മഞ്ഞുമലകളില്‍ ആട്ടിന്‍കൂട്ടത്തെ തെളിയ്ക്കുന്ന ആട്ടിടയനാകുന്നത് സ്വപ്നംകണ്ടിരുന്നു. കുടുംബസുഹൃത്തിന് ജോലിക്കായി വന്ന വിസ ബന്യാമിനേയും വഹിച്ച് ബഹറിനുപറക്കുകയായിരുന്നു. അങ്ങനെ മറ്റൊരാളുടെ നിയോഗം പേറി ഗള്‍ഫിലെത്തിയ കഥാകൃത്ത് പ്രവാസികളുടെ പച്ചയായജീവിതം (നാട്ടില്‍ കാണുന്ന പുറംപൂച്ചിന്റെ മുഖമല്ല) കഥയിലാക്കാനുള്ള വെമ്പലിലാണ് യാദൃശ്ചികമായി നജീബിനെ കണ്ടുമുട്ടുന്നത്. നജീബ് സ്വന്തം കഥയുമായി ബന്യാമിന്റെ മുന്നില്‍ ചെന്നു പെട്ടു. നജീബിന്റെ അനുഭവങ്ങള്‍ ബന്യാമിന്റെ അനുഭവങ്ങളായി മാറി. നജീബും നോവലിസ്റ്റും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. നജീബ് റിയാദില്‍ കാലുകുത്തുന്ന അതേദിവസമാണ് ( 1992 ഏപ്രില്‍ 4) ബന്യാമിനും ബഹറിനിലെത്തുന്നത്. അഞ്ചാം തരംമാത്രം വിദ്യാഭ്യാസമുള്ള നജീബാകട്ടെ ഗള്‍ഫിന്റെ മോഹനമുഖം സ്വപ്നം കണ്ടാണ് അവിടെയെത്തിയത്. നജീബിനും യാത്രയില്‍ കൂട്ടുകാരനായിക്കിട്ടിയ ഹക്കീമിനും റിയാദില്‍ തങ്ങളുടെ സ്പോണ്‍സറെ കണ്ടത്താനായില്ല. പകരം എത്തപ്പെട്ടത് മസറയുടെ ഉടമസ്ഥനായ ഒരു കാട്ടറബിയുടെ അധീനതയിലും. അറബാബ് തനിക്കായി എത്തിയ ജോലിക്കാരനെ തിരഞ്ഞു നടക്കുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് കണ്ടവനെ അപരനാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം കൊണ്ടുപോവുകയായിരുന്നു.
അറബാബ് ഒരു കുടുസുവണ്ടിയില്‍ അവരെയും കൊണ്ട് ഇരുട്ടിലൂടെ മൈലുകളോളം യാത്രചെയ്തു. ഒരു വെളിപ്രദേശത്ത് കൂട്ടാളിയായ ഹക്കീമിനെ ഇറക്കി. വീണ്ടും യാത്ര. ഒടുവില്‍ ഏതോ ഇരുട്ടറയില്‍ നജീബിനെ എത്തിച്ചു, മസറയിലെ ആടുജീവിത്തിലേയ്ക്ക്. അറബാബിന്റെ മര്‍ദ്ദനമേറ്റ് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് ഹീനസാഹചര്യങ്ങളില്‍ ദുരിത ജീവിതമാണ് നജീബിനെ മസറയില്‍ കാത്തിരുന്നത്.
നജീബിനുമുമ്പുള്ള വേലക്കാരന്‍ നീണ്ട അടിമപ്പണിചെയ്ത് ഒരു ഭീകരരൂപിയായി മാറിയിരുന്നു. പിന്നീട് അയാള്‍ ഓടിപ്പോയതായി പറഞ്ഞുവെങ്കിലും അറബാബ് അയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. മുഴുവന്‍ പണിയും നജീബിന്റെ തലയിലായി. ആടുകളെ മേയ്ക്കുക, പാലുകറക്കുക, ഭക്ഷണവും വെള്ളവും കൊടുക്കുക, മുട്ടനാടുകളുടെ വരിയുടയ്ക്കാന്‍ ആടുകളെ അറബാബിനെത്തിച്ചുകൊടുക്കുക ഇവയൊക്കെയായിരുന്നു മുഴുവന്‍സമയവും ജോലി. പച്ചപ്പാലും കബൂസ് എന്ന അറബി റൊട്ടിയും റേഷനായി വല്ലപ്പോഴും ലഭിക്കുന്ന വെള്ളവും മാത്രമായിരുന്നു ആഹാരം. കുളിക്കാനോ ശൗചം ചെയ്യാന്‍ പോലുമോ വെള്ളം ഇല്ല. കുളിയും പല്ലുതേപ്പുമില്ലാതെ അറബാബിന്റെ ക്രൂരമുഖമല്ലാതെ മറ്റൊരു മനുഷ്യജീവിയെ കാണാതെ നജീബ് കഴിച്ചുകൂട്ടിയത് മൂന്നുവര്‍ഷവും നാലുമാസവും ഒമ്പതുദിവസവുമാണ്.
ആടുകളും ഒട്ടകങ്ങളും മാത്രം കൂട്ടായുണ്ടായിരുന്ന നജീബ് അവരുമായി സൗഹൃദം സ്ഥാപിച്ചു. സുന്ദരിയായ മേരി മൈമുന, പോച്ചക്കാരി രമണി, ചാടിയിടിക്കുന്ന അറവുറാവുത്തര്‍, ഞണ്ടു രാഘവന്‍, പരിപ്പു വിജയന്‍, ഇണ്ടിപ്പോക്കര്‍, പുത്രതുല്യനായ നബില്‍ എന്നിങ്ങനെയുള്ള പേരുകളിട്ട് ആടുകളുമായി അയാള്‍ കൂടുതല്‍ അടുത്തു.
ജന്മനാട് മരുഭൂവിലെ മരീചികയായി മാറിയ സാഹചര്യത്തില്‍ തികച്ചും യാദൃച്ഛികമായി തൊട്ടടുത്തമസറയില്‍ ഹക്കീമിന്റെ സഹായിയായി ഒരു സൊമാലിയക്കാരന്‍ ഇബ്രാഹിം ബാദിരി വന്നത് രക്ഷപെടലിന് വഴിയൊരുക്കി. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിലെന്നപോലെ ലക്ഷ്യത്തിലെത്തുന്നത് നജീബ് മാത്രമാണ്. ഹക്കീം പാതിവഴിയില്‍ കുഴഞ്ഞവീണുമരിച്ചു. രക്ഷയുടെ സ്വര്‍ഗ്ഗയാത്രയില്‍ പ്രവാചകനായി വന്ന ഇബ്രാഹിമിനെ ഒടുവില്‍ കണ്ടതുമില്ല. ഒടുവില്‍ അനധികൃത പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഔട്ട് പാസ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ചു. ആകെ എണ്‍പതുപേരില്‍ നജീബിന്റെ പേരും ഉണ്ടായത് ദൈവനിശ്ചയം. അവര്‍ക്കൊപ്പം ഒരു വണ്ടിയില്‍ വിമാനത്താവളത്തിന്റെ പ്രവേശനകവാടം കടക്കുമ്പോള്‍ വിലങ്ങണിഞ്ഞ എണ്‍പതാടുകളെ ഒരു മസറയിലേയ്ക്ക് കയറ്റിവിടുന്നതായും അതിലൊന്നു താനാണന്നും നജീബിനു തോന്നി.
ബന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന് നജീബായി മാറുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസിയുടെ യാതനകളും പ്രയാസങ്ങളുമാണ് മധുരമായ ഗദ്യത്തില്‍ അനുഭവതീവ്രതയോടെ വായനക്കാരെ വിസ്മയിപ്പിക്കുന്നനോവലായി ബന്യാമിന്‍ മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്.
ഗള്‍ഫിലെ പൊള്ളുന്ന വെയിലില്‍ ഇഷ്ടികപാകിയ വഴിത്താരയില്‍ ആരും വെള്ളം കൊടുക്കാന്‍ പോലുമില്ലാതെ ഞെരിഞ്ഞുവളര്‍ന്ന ഒരു കുഞ്ഞിച്ചെടി സൂര്യന്റെ കണ്ണിനെ നോക്കിവളര്‍ന്ന് പൂവിട്ടുനില്‍ക്കുന്ന കാഴ്ച നല്‍കിയ ആത്മവിശ്വാസമാണ് ബന്നി ഡാനിയേലിനെ ബന്യാമിനാക്കി വളര്‍ത്തിയത്.





കെ. പി. ശ്രീകുമാര്‍
സെന്റ് പോള്‍സ് എച്ച്. എസ്.
വെളിയനാട്

24 അഭിപ്രായ(ങ്ങള്‍):

shamla said...
ട്രെയിനിംഗ് നടക്കുന്ന ഈ സമയത്ത് ഈ പരിചയം നോവല്‍ വായിക്കത്തവര്‍ക്ക് ഏറെ പ്രയോജനപ്പെടും. നജീബ് എത്തപ്പെട്ട കാലത്ത് നിന്നും ഒരുപാടു മാറ്റങ്ങള്‍ ബദുക്കളുടെ ജീവിതാവസ്ഥകളില്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണവും വെള്ളവും പാര്പിടവുമൊക്കെ അവര്‍ക്കിപ്പോള്‍ ലഭിക്കുന്നുണ്ട്. മരുഭൂമിയിലെ പൊള്ളുന്ന ചൂടും പൊടിക്കാറ്റും മടുപ്പിക്കുന്ന ഏകാന്തതയും ബാക്കിയാവുന്നു. ബെന്യാമിന്റെ ജീവിതവുമായി ബന്തിപ്പിചെഴുതിയത് നന്നായി
jayakrishnan said...
വായനക്കാരന്റെ മനസ്സിനെ കുത്തി മുറിവേപ്പിക്കുന്ന പ്രവാസികളുടെ അനുഭവങ്ങള്‍ യഥാതഥമായി ആവിഷ്ക്കരിച്ച ബെന്യാമന്റെ ഈ നോവല്‍ ബഷീറിന്റെ ബാല്യകാലസഖിക്കൊപ്പം സാഹിത്യലോകത്ത് സ്ഥാനം പിടിക്കും .മജീദും നജീബും പേരുകളില്‍ പോലും പൊരുത്തം ആകസ്മികമാകാം.
നല്ല സംരഭം ..ആശംസകള്‍..
BENNY KANJIRAPPILLY said...
good attempt
ശ്രീകുമാര്‍ ഇലഞ്ഞി said...
ട്രെയിനിംഗ് വേളയില്‍ പുസ്തകപരിചയത്തിനു ആദ്യ ദിനം തന്നെ തയ്യാറാക്കിയ കുറിപ്പാണിത്.
പക്ഷേ മോടുളില്‍ ആടുജീവിതം വരുന്നതിനാല്‍ പ്രകാശനത്തിന് അല്പം കാത്തിരുന്നതാണ്..
സമീപ നാളില്‍ വായിച്ച കൃതികളില്‍ ആട് ജീവിതവും എന്മകജെയും മറക്കാനാവാത്ത അനുഭവമാണ് നമുക്ക് തന്നിരിക്കുന്നത്..
പ്രതികരിച്ചതിന് നന്ദി...
azeez said...
പുസ്തകപരിചയത്തിനു നന്ദി.നല്ല ശൈലിയും സാഹിത്യവും.വായിക്കുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു.
ഏതൊരു നോവലും എഴുതപ്പെട്ട കാലത്തിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടത്.ഇപ്പോള്‍ അവസ്ഥകള്‍ മാറിയോ എന്നത് ആ നോവലിന്‍റെ മഹത്ത്വം കെടുത്തുന്നില്ല.കാലികള്‍ക്കു പുല്ലും വെള്ളവുമെന്നപോലെ, ഭക്ഷണവും വെള്ളവും കൊണ്ടുമാത്രമല്ലല്ലോ ഒരു ജനതയെ നിര്‍വ്വചിക്കപ്പെടേണ്ടത്. ലോകത്ത്‍ നിലനില്‍ക്കുന്ന ഒരടിമ രാഷ്ട്രമാണ് സൌദി അറേബ്യ.ലോകം മുഴുവനും അടിമത്ത്വവ്യവസ്ഥിതി നൂറ്റാണ്ടുകള്‍ക്കു മുമ്പു അവസാനിച്ചുവെങ്കിലും ആ രാജ്യത്തില്‍ 1962 ല്‍ മാത്രമാണ് അതു നിരോധിച്ചത്.ജനാധിപത്യം ആ രാജ്യത്തു ഇപ്പോഴുമെത്തിയിട്ടില്ല.ഒരറബി രാഷ്ടത്തിലുമെത്തിയിട്ടില്ല.പ്രജകള്‍ എന്നത് ശേഖുഭരണകൂടങ്ങ‍ള്‍ക്കു ഒരു കമോഡിറ്റിയാണിപ്പോഴും.അറബി ഭരണകൂടത്തിന് ആരേയും ഒരു കാരണവുമില്ലാതെ എപ്പോഴും അറസ്റ്റു ചെയ്യാം. വിചാരണയില്ലാതെ തടവിലിടാം.പത്രസ്വാതന്ത്ര്യമില്ല .മറ്റു മതങ്ങള്‍ക്കു സ്വാതന്ത്ര്യമില്ലെന്നുമാത്രമല്ല, സൌദി സ്പെഷിലൈസ്ഡ് ബ്രാന്ഡല്ലാത്ത ഒരിസ്ലാമിനും സ്ഥാനമില്ല.
ഇതുപോലുള്ള കൂടുതല്‍ രചനകള്‍ പുറത്തുവരട്ടെ.പുസ്തകം പരിചയപ്പെടുത്തിയ സാറിനു നന്ദി.