പേജുകള്‍‌

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച


ഒരു വിദ്യാര്‍ഥി എങ്ങനെയായിരിക്കണം


1. മോഡറേഷന്‍ പാസും കടന്ന്, തൊഴിലില്ലായ്മാവേതനവും സ്വപ്‌നം കണ്ട്, ഭാവിയില്‍ ഒണക്ക പര്‍പ്പടകപ്പുല്ല് താടിയുംവെച്ച് നടക്കുന്നവനാകുന്നതിനു പകരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എല്ലാ വിഷയങ്ങള്‍ക്കും നൂറു ശതമാനം മാര്‍ക്ക്
 ലക്ഷ്യമാക്കി അധ്വാനിച്ച് ഉത്സാഹിച്ച് സശ്രദ്ധം പഠിക്കുന്നവനാകണം.

2. സമരമെന്തെന്നറിയുന്നവനും ഒരാവശ്യത്തിന് സമരം തുടങ്ങിയാല്‍ അത് നേടുന്നതുവരെ സമരം ചെയ്യുന്നവനും വേണ്ടാത്ത സമരത്തിന് ഇറങ്ങാത്തവനുമാകണം.

3. സ്‌കൂള്‍ പഠിപ്പിനോടൊപ്പം പെണ്‍കുട്ടികളെപ്പോലെ വീട്ടുപണിയും അറിയുന്നവനാകണം.

4. വൃത്താന്തപത്രവും സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും അടുത്ത ഗ്രന്ഥാലയത്തില്‍നിന്നും എടുക്കുന്ന പുസ്തകങ്ങളും വായിക്കുന്നവനാകണം.

5. നാട്ടിലെ പ്രധാന സമ്മേളനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും രക്ഷിതാക്കളുടെ സമ്മതം വാങ്ങി പങ്കുകൊള്ളണം.

6. വീട്ടിലെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുകയും ആവശ്യം വന്നാല്‍ അയല്‍വീട്ടുകാര്‍ക്ക് സേവനം ചെയ്യുകയും സമപ്രായക്കാരോടൊപ്പം കുറച്ചുനേരം കളിക്കുകയും വേണം.

7. വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് മൂന്നു കിലോമീറ്ററിലധികമുണ്ടെങ്കിലേ ബസ്സില്‍ കേറാവൂ. അതും അങ്ങോട്ടുമാത്രം. മൂന്നിലധികം പേരുണ്ടെങ്കില്‍ ക്യൂ നിന്നുവേണം ബസ്സില്‍ കേറാന്‍. അച്ചടക്കം വേണം. മടക്കം കൂട്ടുകാരുമൊത്ത് നടന്നുകൊണ്ടാവണം.

8. ഉച്ചയൂണിന് വീട്ടില്‍ വരാന്‍ വയ്യാത്തവര്‍ രാവിലെ ഊണു കഴിച്ച് പോകണം. ഉച്ചയ്ക്ക് കഴിക്കാന്‍ അവിലോ പഴമോ റൊട്ടിയോ മൂന്നു മണിക്കൂറിരുന്നാല്‍ ചീത്തയാകാത്ത മറ്റെന്തെങ്കിലും പലഹാരമോ പാത്രത്തിലാക്കി കൊണ്ടുപോകണം. ഉച്ചയ്ക്ക് ഡപ്പച്ചോറുണ്ണരുത്.

9. എപ്പോഴും സ്വന്തം സ്വഭാവം നന്നാക്കിക്കൊണ്ടിരിക്കണം, മനസ്സ് നല്ല കാര്യത്തിലായിരിക്കണം.

10. പത്താംക്ലാസ് കഴിയുമ്പോഴേക്കും അതിനുശേഷം പഠിക്കേണ്ടതെന്ത് എന്നുറപ്പിക്കുകയും ജീവിതം മുഴുവന്‍ ആ വിഷയത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാവുകയും വേണം. ഒപ്പം കല, സാഹിത്യം, കരകൗശലം, കൃഷി, കച്ചവടം, കൈത്തൊഴില്‍ എന്നിവയിലേതിലാണെന്ന് വാസനയറിഞ്ഞ് അതിനുവേണ്ട പഠിപ്പും അഭ്യാസവും നേടണം.

കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയില്‍ നിന്ന്

1 അഭിപ്രായം: