പേജുകള്‍‌

2012, ഡിസംബർ 11, ചൊവ്വാഴ്ച

പരീക്ഷക്കാലത്തെ ടൈം മാനേജ്മെന്റ്

പരീക്ഷക്കാലത്തെ ടൈം മാനേജ്മെന്റ്
kathu
“മാമാ എനിക്ക് ഒന്നിനും സമയം തികയുന്നില്ല. പരീക്ഷ അടുത്തു വരുന്നു. എനിക്ക് പേടിയും വരുന്നു. കാരണം മനസ്സിലായില്ലേ? പഠിക്കാന്‍ പലതുണ്ട്. സമയം കുറവുമാണ്. എല്ലാം കൂടി കുളമാകുമോ എന്നാണെന്റെ പേടി. സമയം തികയ്ക്കാന്‍ എന്താ മാമാ ഒരു വഴി?...”
ഒരു കാന്താരിക്കുട്ടിയുടെ കത്താണ്! സമയം തികയുന്നില്ല എന്നാണ് പരാതി. പല കിലുക്കാംപെട്ടികള്‍ക്കും ഈ പരാതിയുണ്ട് എന്ന് മാമനറിയാം. പ്രത്യേകിച്ചും പരീക്ഷ അടുക്കുമ്പോള്‍. എന്നാല്‍ ചിലര്‍ക്കു പരാതിയേ ഇല്ല. അവര്‍ക്ക് സമയമുണ്ട് എന്നര്‍ത്ഥം. അതെങ്ങനെയാണു കടുകുമണികളേ? katha1
ഇനി ഒരു കൊച്ചു ചോദ്യം. സമയം തികയാത്തവര്‍ക്കും തികയുന്നവര്‍ക്കും ഒരു ദിവസത്തിന് വെവ്വേറെ നീളമാണോ? ഇതെന്തൊരു വിഡ്ഢിച്ചോദ്യമാണ് മാമാ എന്നു നിങ്ങള്‍ ചോദിച്ചേക്കും. എല്ലാവര്‍ക്കും ഒരു ദിവസം എന്നാല്‍ ഇരുപത്തിനാലു മണിക്കൂര്‍ തന്നെയാണല്ലോ. അപ്പോള്‍ ചിലര്‍ക്കു സമയം തികയുകയും ചിലര്‍ക്കു തികയാതിരിക്കുകയും ചെയ്താല്‍ എന്താണ് അര്‍ത്ഥം?
അര്‍ത്ഥം പിടികിട്ടിയില്ലേ? ചിലര്‍ സമയം ശരിയായി ഉപയോഗിക്കുന്നതിനാല്‍ അവര്‍ക്ക് സമയം തികയുന്നു. ചിലര്‍ സമയത്തെ വേണ്ട വിധം ഉപയോഗിക്കുന്നില്ല. അവര്‍ക്കു സമയം കിട്ടുകയുമില്ല. പ്രശ്നം സമയത്തിന്റെ മാനേജ്മെന്റാണ്. ശാസ്ത്രീയമായി സമയം ഉപയോഗിക്കുന്നവര്‍ക്കു സമയം തികയും; ഉപയോഗിക്കാത്തവര്‍ക്കു തികയുകയുമില്ല.
പോയ ദിവസത്തെ  തിരിച്ചു കൊണ്ടു
വരാന്‍ പറ്റുകയില്ല. നഷ്ടപ്പെട്ട സമയത്തേയും. അപ്പോള്‍ പിന്നെ ഒറ്റ വഴിയേ ഉള്ളൂ. ഉള്ള സമയം ശരിയായി ഉപയോഗിക്കുക എന്ന വഴി. ഇങ്ങനെ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഒന്നാമതായി വേണ്ടത് സമയത്തെ ബഹുമാനിക്കുന്ന മനോഭാവമാണ്. സമയത്തിന്റെ വില മനസ്സിലായാലേ സമയത്തെ ബഹുമാനിക്കൂ. പോയ സമയം തിരിച്ചു കിട്ടില്ല. വായില്‍ നിന്ന് വീഴുന്ന വാക്ക് തിരിച്ചു പിടിക്കാന്‍ പറ്റാത്തതുപോലെ. അതുകൊണ്ട് സമയത്തെയും വാക്കിനെയും ദുരുപയോഗപ്പെടുത്തരുത്. പോയ സമയത്തെപ്പറ്റി ദുഃഖിച്ചാലും പ്രയോജനമില്ലല്ലോ.
അപ്പോള്‍ വേണ്ടത് സമയബോധമാണ്. സമയം വെറുതെ കളയുന്ന മനോഭാവം അഥവാ ശീലം ഉപേക്ഷിക്കലാണ്. വെറുതെ കുത്തിയിരുന്ന് ടിവി പ്രോഗ്രാം കണ്ടും സൊറ പറഞ്ഞും സമയം കൊല്ലുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. സമയം കൊല്ലുന്നവര്‍ സ്വയം കൊല്ലുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. സ്വയം നശിക്കുകയാണ്.
എങ്ങനെയാണ് ഏറ്റവും നന്നായി സമയം ഉപയോഗിക്കേണ്ടത്? അതിനൊരു ടൈംടേബിള്‍ ഉണ്ടാക്കണം. സമയം ഉപയോഗിക്കാനുള്ള പ്ളാനിങ്ങാണത്. രാവിലെ എത്ര മണിക്ക് ഉണരണം? പ്രഭാതകൃത്യങ്ങള്‍ക്ക് എത്ര സമയം ഉപയോഗിക്കണം? വിദ്യാലയത്തില്‍ പോkathu2കും മുമ്പ് എത്ര മണിക്കൂര്‍ പഠിക്കണം? വിദ്യാലയത്തില്‍ നിന്ന് തിരിച്ചു വന്നാല്‍ പിന്നെ എന്തൊക്കെ ഏതൊക്കെ സമയം ചെയ്യണം. ഇക്കാര്യങ്ങളൊക്കെ കണക്കാക്കി വേണം ടൈംടേബിള്‍. ടിവി കാണാനും കളിക്കാനും വിശ്രമിക്കാനും ഒക്കെ സമയം നീക്കി വയ്ക്കാം. എന്നാല്‍ എല്ലാറ്റിനും കണക്കു വേണം. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്ന് അമ്മൂമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ? സമയവും അളന്നേ കളയാവൂ. അല്ല, ഉപയോഗിക്കാവൂ. അപ്പോള്‍ എല്ലാറ്റിനും സമയം കിട്ടും.
പരീക്ഷ അടുത്തു വരുന്നു. അതിനെന്ത്? ഇനിയുള്ള ദിവസങ്ങളിലേക്ക് സ്പെഷ്യല്‍ ടൈംടേബിള്‍ ഉണ്ടാക്കി ചിട്ടയായി പഠിക്കുക. എല്ലാം പഠിക്കാന്‍ പറ്റും. പേടിച്ചിട്ടു കാര്യമില്ല. ഒന്നിനും സമയമില്ല എന്ന് കരഞ്ഞിട്ടു ഫലമില്ല. ഇനിയുള്ള സമയം നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. അപ്പോള്‍ വിജയം
ഉറപ്പാണ്.
അറിയുക: കുട്ടികളായിരിക്കുമ്പോള്‍ സമയം ശരിയായി ഉപയോഗിച്ചു പഠിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അങ്ങനെ സമയം ഉപയോഗിക്കും. ശാസ്ത്രീയമായി, ഭാവനയോടെ, ചിട്ടയായി സമയം ഉപയോഗിക്കുന്നവര്‍, പടിപടിയായി അവരവരുടെ രംഗങ്ങളില്‍ വളരും; വിജയിക്കും; മഹദ്വ്യക്തികളുമാകും.
എസ് ശിവദാസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ