പേജുകള്‍‌

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍ കേരളത്തെ നയിക്കുന്നത്

ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയില്‍ വെറും 1.18 ശതമാനം വിഹിതം മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ് കേരളം.എന്നാല്‍ ജനസാന്ദ്രതയുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യവിജ്ഞാനത്തിന്റെയും രാഷ്ട്രീയാവബോധത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ഈ മുന്നേറ്റത്തിന് അനുബന്ധമായിട്ടാണ് കേരളത്തിലെ വര്‍ദ്ധിച്ച തോതിലുള്ള മാധ്യമസ്വാധീനത്തെ കാണേണ്ടത്. അനുപൂരകമായി നിലനില്‍ക്കുന്ന രണ്ട് വസ്തുതകളാണ് ഇവ. മലയാളിയുടെ പൊതുവായുള്ള വിവരവിജ്ഞാനാഭിമുഖ്യത്തെ കേരളത്തിലെ മാധ്യമ അന്തരീക്ഷത്തില്‍ നമുക്ക് കണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ ക്രിയാത്മകമായതെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നതെങ്കിലും ഈ സാമൂഹിക മാനസികാവസ്ഥയ്ക്ക് പിന്നില്‍ പ്രതിലോമകരമായതും അത്രയൊന്നും ഉല്പാദനപരമല്ലാത്തതുമായ ചിലസ്വഭാവ വൈകൃതങ്ങള്‍ കൂടി ഒളിഞ്ഞിരിക്കുന്നില്ലെ എന്ന് സമകാലിക സാഹചര്യങ്ങളെ മുന്‍‌നിര്‍ത്തി ന്യായമായും സംശയിക്കാന്‍ നമുക്ക് സാധിക്കും.
പത്രം,റേഡിയോ,ടെലിവിഷന്‍ എന്നിവയില്‍ മാത്രംഒതുക്കിനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല കേരളത്തിന്റെ മാധ്യമങ്ങള്‍ എന്ന വിശാലമായ വിഷയം. കഥാപ്രസംഗം,നാടകം,സിനിമ, തുടങ്ങിയ കലാരൂപങ്ങളും വടക്കന്‍ പാട്ടുകളും,നാടന്‍ കലകളുമെല്ലാം കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും മാധ്യമങ്ങള്‍ എന്ന പരിധിയില്‍ വരുന്നതോ വന്നിട്ടുള്ളതോ ആണ്.ആശയങ്ങളും അറിവും വ്യാപിപ്പിക്കുന്നതും പൊതുവായ ഒരു ചിന്താസരണി ഉരുത്തിരിയിക്കാന്‍ കെല്‍പ്പുള്ളതുമായ വിനിമയ ഉപാധികളെ ആണ് മാധ്യമം എന്ന് ഇവിടെ നാം പൊതുവില്‍ വിശേഷിപ്പിക്കുന്നത്.ഒരുപക്ഷേ സാമാന്യ ജനവിഭാഗങ്ങളുടെ ഇടയില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ക്ക് അവരെ സജ്ജരാക്കാനും പത്രങ്ങളെക്കാള്‍ ഏറെ സഹായിച്ചിട്ടുള്ളത് നാടകവും കഥാപ്രസം‌ഗവും പോലെയുള്ള സരസമാധ്യമങ്ങളാണെന്ന് പറയാന്‍ കഴിയും.അക്ഷരാഭ്യാസം പോലും നന്നെ കുറവായിരുന്ന ഒരു ജനതയുടെ ഹൃദയത്തില്‍ മാറ്റത്തിന്റെ ചിന്തകള്‍ ലളിതമായി അവതരിപ്പിക്കുന്നതില്‍ ഇവവിജയം കൈവരിച്ചു. അഭിനവകേരളത്തിന്റെ സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ശക്തമായ സ്വാധീനം ചെലുത്തിയ മറ്റൊരു മാധ്യമം ആണ് സിനിമ.നമ്മുടെ വസ്ത്രധാരണാഭിരുചികള്‍ മുതല്‍ ലഹരിയോടുള്ള ആഭിമുഖ്യത്തെ വരെ സിനിമ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ആദ്യകാലത്ത് വിവരവിനിമയത്തിന്റെ കരുത്തുള്ള മറ്റൊരു ഉപാധിയായിരുന്നു തപാല്‍.സ്വകാര്യങ്ങളുടെ കൈമാറല്‍ മാത്രമല്ല സാമൂഹികവും രാഷ്ട്രീയവുമായി ഗൌരവമുള്ള ആശയസം‌ഘട്ടനങ്ങള്‍ വരെ തപാല്‍ മുഖാന്തിരം നടന്നിരുന്നു എന്നത് കത്തെഴുത്ത് തന്നെ നിലച്ചുപോയ കേരളീയ അന്തരീക്ഷത്തില്‍ അവിശ്വസനീയമായി തോന്നിയേക്കാം.ഒരു കാലഘട്ടത്തില്‍ തപാല്‍ മുഖാന്തിരം മാത്രം പ്രവര്‍ത്തിച്ചിരുന്ന പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു എന്നതും സമീപഭാവിയില്‍ ഒരു കൌതുകവാര്‍ത്തയായി മാറിയേക്കാം.
1578 ലാണ് കേരളത്തിലെ അച്ചടിയുടെ ചരിത്രം തുടങ്ങുന്നത് ആ വര്‍ഷം കൊല്ലത്തുനിന്നും ഡോക്ട്രീനാ ക്രിസ്റ്റം എന്ന ആദ്യ പുസ്തകം അച്ചടിക്കപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. .എന്നാല്‍ ആദ്യത്തെ മലയാളം പുസ്തകം അച്ചടിക്കപ്പെടുന്നത് 1824 ല്‍ കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രെസില്‍ നിന്നാണ് .തെല്ലിച്ചേരിയ്ക്ക് അടുത്തുള്ള ഇല്ലിക്കുന്ന് എന്ന സ്ഥലത്തുനിന്ന് 1847 -ജൂണ്‍ മാസത്തില്‍ ആണ് മതപ്രചാരണാര്‍ഥം രാജ്യസമാചാരം എന്നപേരിലുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പേപ്പര്‍ ഉണ്ടാകുന്നത്.1887-ഏപ്രില്‍ 15 ന് കോട്ടയത്തു നിന്നും പ്രസിദ്ധീകൃതമായ നസ്രാണി ദീപികയാണ് ഈ മേഖലയിലെ എടുത്തുപറയാവുന്ന ചുവടുവയ്പ്.ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ച നസ്രാണി ദീപിക 1927 ജനുവരി3-ആം തീയതി മുതല്‍ ദിനപ്പത്രമായി .ആദ്യകാലത്തെ അച്ചടിമാധ്യമങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ക്രിസ്തുമതവ്യാപനവുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെട്ടതാണ്.1890 ല്‍ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള മലയാള മനോരമയുടെ പ്രസിദ്ധീകരണം തുടങ്ങുകയും 1911 ല്‍ കൊല്ലം മയ്യനാട്ടുനിന്നും കേരളാ കൌമുദി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.1923 മാര്‍ച്ച് മാസത്തില്‍ കോഴിക്കൊടുനിന്നും മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചു.1942 ല്‍ കമ്യൂണിസ്റ്റു മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോഴിക്കൊട് നിന്നും ദേശാഭിമാനിയുടെ പ്രസിദ്ധീകരണം തുടങ്ങി.ചുരുക്കത്തില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് സ്ഥാപിക്കപ്പെട്ട പത്രങ്ങളാണ് കേരളത്തില്‍ ഇന്നും അച്ചടിവാര്‍ത്താവിനിമയത്തെ നിയന്ത്രിക്കുന്നതെന്ന് പറയാം. ഇന്ന് ഏകദേശം 1140 മലയാളം വാര്‍ത്താപത്രങ്ങള്‍ നമുക്കുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഇവയുടെ ശരാശരി സര്‍ക്കുലേഷന്‍ 76,68000 വരുമെന്നാണ് കണക്ക്.
1935 മുതല്‍ 1985 വരെയുള്ള കാലഘട്ടം റേഡിയോയുടേതായിരുന്നു. 1934 ല്‍ തിരുവനന്തപുരത്തുനിന്നാണ് ആദ്യത്തെ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1950 ല്‍ കൊച്ചിയിലെ പ്രക്ഷേപണകേന്ദ്രം നിലവില്‍ വരുന്നത്.എന്നാല്‍ ഏറെ വലുതായിരുന്നു, പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്ന റേഡിയോയുടെ പരിമിതികള്‍ .ഭരണവര്‍ഗ്ഗത്തിന്റെ ആശയ പ്രചരണവും വിനോദ പരിപാടികളും ഒഴിച്ചു നിര്‍ത്തിയാല്‍ റേഡിയോയ്ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളില്‍ സ്വതന്ത്ര ഇടപെടല്‍ അപ്രാപ്യമായിരുന്നു. എന്നിരുന്നാലും കുടുംബാസൂത്രണം കാര്‍ഷിക നവീകരണം സാര്‍വത്രിക വിദ്യാഭ്യാസം തുടങ്ങി ഒട്ടനേകം പദ്ധതികളില്‍ വിജയകരമായ ജനപങ്കാളിത്തത്തിന് റേഡിയോ വഹിച്ച പങ്ക് ചെറുതല്ല.ടെലിവിഷന്റെ കടന്നു വരവോടെ ഏതാണ്ട് അസ്തപ്രജ്ഞമായ റേഡിയോ ഇന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.ഇപ്പോള്‍ ഭരണകൂടത്തിന്റെ ചങ്ങലകള്‍ അതിന്റെ മേല്‍ ഇല്ലായെങ്കിലും സാമ്പത്തികമായി മാത്രം എല്ലാത്തിനേയും അളക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന കുത്തകമുതലാളിത്തത്തിന്റെ കയ്യിലേക്കാണ് അത് എത്തിച്ചേര്‍ന്നിരിക്കുന്നത്.കൂട്ടായി പരിപാടികള്‍ ആസ്വദിച്ചിരുന്ന പഴയ റേഡിയോ പാര്‍ക്കുകള്‍ക്ക് പകരം തന്നിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുന്ന ഇയര്‍ഫോണുകളുമായാണ് പുതിയ റേഡിയോയുടെ അവതാരം എന്നതും ശ്രദ്ധേയമാണ്.
1985 ല്‍ തിരുവനന്തപുരത്തുനിന്നും ദൂരദര്‍ശന്‍ സം‌പ്രേഷണം ആരംഭിച്ചത് കേരളത്തിന്റെ മാധ്യമചരിത്രത്തിലെ ഒരു വഴിത്തിത്തിരിവാണ് .ഏറെക്കാലം രണ്ടരമണിക്കൂറില്‍ താഴെമാത്രം പ്രാദേശിക പരിപാടികള്‍ സം‌പ്രേഷണം ചെയ്തിരുന്ന ദൂരദര്‍ശന്‍ ഇപ്പോഴും ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും മുക്തമായിട്ടില്ല.1993 ല്‍ ഏഷ്യാനെറ്റ് സം‌പ്രേഷണം ആരംഭിക്കുന്നതോടുകൂടിയാണ് ഇന്നുകാണുന്ന തരത്തിലുള്ള മാധ്യമാ‍ധിപത്യത്തിന്റെ കാലഘട്ടം തുടങ്ങുന്നത് എന്ന് പറയാം. ഇപ്പോള്‍ ഏതാണ്ട് 15 ലധികം ടെലിവിഷന്‍ ചാനലുകള്‍ മലയാളത്തില്‍ ഉണ്ട്.ഇതില്‍ വാര്‍ത്തയെ മാത്രം ആശ്രയിക്കുന്നു എന്ന് അവകാശപ്പെടുന്നതാണ് ഭൂരിപക്ഷവും എന്നത് ശ്രദ്ധേയമാണ്.
1923 ല്‍ തന്നെ കൊച്ചിയില്‍ ടെലിഫോണ്‍ സംവിധാ‍നം നിലവില്‍‌വന്നു എങ്കിലും ടെലിവിഷന് സമകാലികമായാണ് കേരളത്തില്‍ അത് വ്യാപകമായത് .തൊണ്ണൂറുകളുടെ അവസാനത്തോടെ ഉണ്ടായ മൊബൈല്‍ ഫോണ്‍ വിപ്ലവം കേരളത്തിന്റെ വിവരവിനിമയ രം‌ഗത്തുണ്ടാക്കിയ മാറ്റം വിവരണാതീതമാണ് .ബി.എസ്.എന്‍.എല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ മിക്ക പട്ടണങ്ങളിലും ബ്രോഡ‌് ബാന്‍‌ഡ് സൌകര്യത്തോടെയുള്ള ഇന്റെര്‍നെറ്റ് സൌകര്യം ഇന്ന് നിലവിലുണ്ട് ഇത് കൂടാതെ ഏഷ്യാനെറ്റ് പോലെയുള്ള ഇന്റെര്‍നെറ്റ് സേവനദാതാക്കളും നിലവിലുണ്ട്.എന്നിരുന്നാലും ഇന്റെര്‍നെറ്റ് ഇനിയും മധ്യവര്‍ത്തി സമൂഹത്തിന്റെ പോലും മാധ്യമമായി വളര്‍ന്നിട്ടില്ല.ഉപയോഗത്തിനുള്ള സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവവും ഇം‌ഗ്ലീഷാണ് ഇപ്പോഴും ഇന്റെര്‍നെറ്റിന്റെ മുഖ്യഭാഷ എന്നതുമാകാം ഇതിനൊരു കാരണം.
കേരളത്തിന്റെ സമകാലിക മാധ്യമ അന്തരീക്ഷത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ടെലിവിഷന്‍ ചാനലുകള്‍ തന്നെയാണ്.ടെലിവിഷന്റെ കടന്നുവരവോടുകൂടി വാര്‍ത്തകളുടെ ആയുസ്സ് കുറയുകയും വാര്‍ത്തകള്‍ക്ക് ഒരുത്രിമാന സ്വഭാവം കൈവരുകയും ചെയ്തു.ദൃശ്യം ശബ്ദം അവതരണം എന്ന രീതിയിലുള്ള ടെലിവിഷന്‍ സമീപനം പത്രങ്ങളുടെ, റിപ്പോര്‍ട്ട്, ചിത്രം എന്ന ദ്വിമാന സ്വഭാവമുള്ള വാര്‍ത്താവതരണത്തെയും റേഡിയോയുടെ, ശബ്ദത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ഏകമാന വാര്‍ത്താവതരണത്തേയും അപേക്ഷിച്ച് സ്വാഭാവികമായി മേല്‍ക്കൈ നേടി. ഏഷ്യാനെറ്റിന്റേയും അതേത്തുടര്‍ന്ന് കടന്നുവന്ന സൂര്യാ ടി.വിയുടേയും സം‌പ്രേഷണം ആദ്യകാലങ്ങളില്‍ സീരിയലുകള്‍ പോലുള്ള വിനോദപരിപാടികളിലായിരുന്നു ഒതുങ്ങിനിന്നിരുന്നത്.തിരുവനന്തപുരം പത്മതീര്‍ഥക്കുളത്തില്‍ ഒരുമനുഷ്യനെ മുക്കിക്കൊല്ലുന്ന ദൃശ്യം തത്സമയം സം‌പ്രേഷണം ചെയ്തുകൊണ്ട് സൂര്യാടിവി ജനകീയമായ അടിത്തറ മെച്ചപ്പെടുത്തിയത് ഇതര മാധ്യമങ്ങള്‍ക്ക് ഒരു ചൂണ്ടുപലകയായി മാറുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടെ അവതരിപ്പിക്കപ്പെടുന്ന പരിപാടികളെ സം‌ബന്ധിച്ച നിലപാടുകള്‍ക്ക് അടിസ്ഥാനപരമായിത്തന്നെ മാറ്റമുണ്ടായി. വാര്‍ത്തകള്‍ക്ക് സീരിയലുകളെക്കാള്‍ ജനപ്രിയമാകാന്‍ കഴിയുമെന്ന കണ്ടെത്തലുകളിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. വാര്‍ത്തകള്‍ക്കും വാര്‍ത്താനുബന്ധപരിപാടികള്‍ക്കുമായി ഒരുചാനല്‍ എന്ന അവകാശവാദവുമായി ഇന്ത്യാവിഷന്‍ സം‌പ്രേഷണംതുടങ്ങിയതോടെ ഈ കണ്ടെത്തല്‍ പൂര്‍ണ്ണമാവുകയായിരുന്നു ‍.
ടെലിവിഷന്റെ കടന്നുവരവ് കേരളത്തിന്റെ മാധ്യമ അന്തരീക്ഷത്തെ മാറ്റിമറിച്ചു എന്നു പറയുന്നതേക്കാള്‍ കേരളീയജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു എന്നുപറയുന്നതാവും ശരി.ആഫ്രിക്കന്‍ പായല്‍ കുളത്തിലെ ആവാസവ്യവസ്ഥയെ എപ്രകാരം ബാധിക്കുന്നുവോ അപ്രകാരമാണ് ടെലിവിഷന്‍ മറ്റുമാധ്യമങ്ങളെ ബാധിച്ചത്. നാടകം കഥാപ്രസം‌ഗം സിനിമ എന്നിങ്ങനെ വിവിധമാധ്യമങ്ങള്‍ ടെലിവിഷന്‍ സൃഷ്ടിച്ച തരംഗത്തില്‍ ആടിയുലഞ്ഞു.ടെലിവിഷനു ശേഷം നിലനില്‍പ്പിനായി ഈ മാധ്യമങ്ങള്‍ക്കു മാത്രമല്ല അച്ചടി മാധ്യമങ്ങള്‍ക്കു പോലും വലിയ പരിവര്‍ത്തനങ്ങള്‍ വിധേയമാകേണ്ടിവന്നിട്ടുണ്ട്.കഥാപ്രസംഗം പാടേ തകര്‍ന്നടിഞ്ഞപ്പോള്‍ നാടകം ഉന്മൂലനാശത്തിന്റെ വക്കോളം എത്തിപ്പെട്ടു.സിനിമകള്‍ക്ക് പോലുംജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ ടെക്നിക്കുകള്‍ ആവശ്യമായി വന്നു.ഗ്രാമീണമായ സിനിമാതിയേറ്ററുകള്‍ ഒട്ടുമുക്കാലും അടച്ചുപൂട്ടപ്പെട്ടു. വാര്‍ത്തകളുടെ വിനിമയമൂല്യം എങ്ങനെ ഉയര്‍ത്താം എന്നും ഏതുതരം വാര്‍ത്തകളാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്നുമുള്ള അന്വേഷണങ്ങള്‍ ആരംഭിക്കുകയായി .ടെലിവിഷനുമുന്‍പ് വരെ തലേ ദിവസത്തെ വാര്‍ത്തകള്‍ പിറ്റേദിവസം രാവിലെ അറിയുന്നത് ഒരു മഹത്തായ കാര്യമായിരുന്നു എങ്കില്‍.ടെലിവിഷനു ശേഷമുള്ള കാലം പത്രങ്ങളിലെ വാര്‍ത്തകള്‍ക്കുള്ള വിനിമയമൂലയം കുറച്ചു.ഒഴുക്കിനൊപ്പം നീന്തിയില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന തിരിച്ചറിവ് പത്രങ്ങളേയും വാര്‍ത്തകളെ എങ്ങനെ വിനിമയ മൂല്യമുള്ളതാക്കി മാറ്റാം എന്ന പരീക്ഷണങ്ങളിലേക്ക് അനിവാര്യമായും തള്ളിവിട്ടു.സ്വതവേ വൈകാരികമായ വാര്‍ത്തകള്‍ക്ക് മുന്‍‌തൂക്കം കൊടുത്തിരുന്ന മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ കൂടുതല്‍ സെന്‍സേഷണല്‍ ആയി വാര്‍ത്തകളെ അവതരിപ്പിക്കാന്‍ തുടങ്ങി..രാഷ്ട്രീയവും മതവും ക്രിക്കറ്റും എല്ലാം തന്നെ ഒരേ അളവുകോല്‍ വച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ടുതുടങ്ങി. ടി.വി ചവച്ചുതുപ്പിയ വാര്‍ത്തയുടെ ചണ്ടിയില്‍ നിന്നും എങ്ങനെ ലഹരിയുള്ളതും വില്‍പ്പനമൂല്യമുള്ളതുമായ സ്റ്റോറികള്‍ ഉണ്ടാക്കാം എന്ന പരീക്ഷണങ്ങള്‍ പത്രങ്ങളെ പ്രാദേശികമായ വാര്‍ത്തകള്‍ക്കായി കൂടുതല്‍ പേജുകള്‍ നീക്കിവയ്പ്പിക്കാനും ഇക്കിളി വാര്‍ത്തകള്‍ കൂടുതല്‍ അച്ചടിക്കാനും പ്രേരിപ്പിച്ചു.ചരമപ്പേജിന്റെ വലിപ്പം വര്‍ദ്ധിക്കുകയും. ഇക്കിളിവാര്‍ത്തകളില്‍ നിന്ന് ഇക്കിളിവാര്‍ത്തകളിലേക്കുള്ള പ്രയാണം ത്വരിതപ്പെടുകയും ചെയ്തു.
മാധ്യമങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്നം എന്ന നിലയില്‍ വില്‍പ്പനമൂല്യമുള്ള വാര്‍ത്തക്കുവേണ്ടിയുള്ള പരക്കം പാച്ചില്‍ തുടങ്ങിയതിന്റെ ഫലമായാണ് എന്തും ഏതും വാര്‍ത്തയാക്കാനുള്ള പ്രവണത ഉണ്ടായിവന്നത്. സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസം‌സ്കൃത പദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കപ്പെടുകയും ചെയ്തു.കാര്യങ്ങള്‍ അവിടെയും നിന്നില്ല സംഭവങ്ങളെ വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം കൂട്ടുന്നത് എന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നു.തൃശൂര്‍ പൂരത്തിന് ആനയിടയുന്നതും.എം.എന്‍ വിജയന്‍ മരണത്തിന് കീഴടങ്ങുന്നതും ലഘുഭക്ഷണത്തിന്റെ അകമ്പടിയോടെ വീട്ടിനുള്ളില്‍ ഇരുന്നു തത്സമയം കാണാം എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ മാധ്യമവിപ്ലവം. കാഴ്ചകാരനെ ലക്ഷ്യമാക്കി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോ തുരന്നെടുക്കപ്പെടുന്നതോ ആയ വാര്‍ത്തകളാണ് ഇന്ന് കേരളത്തെ ഭരിക്കുന്നത് എന്ന് നിസംശയം പറയാം .രഹസ്യസ്വഭാവമുള്ള എന്തും ചോര്‍ത്തിയെടുക്കുക എന്നതാണ് വിജയകരമായ മാധ്യമ ധര്‍മ്മം എന്ന് മാധ്യമപ്രവര്‍ത്തനം വ്യാഖ്യാനിക്കപ്പെടുന്നു.സി.പി എമ്മിന്റെ സം‌സ്ഥാന സമ്മേളനവാര്‍ത്തകള്‍ അവതരിപ്പിക്കപ്പെട്ട രീതിയും. കമ്മിറ്റിചര്‍ച്ചകളിലുണ്ടായ ആശയപ്രകടനങ്ങള്‍ ആധികാരികതയോടെ എന്നമട്ടില്‍ അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍കാണിച്ച വ്യഗ്രതയും ഒട്ടും ആശാവഹമായ പുരോഗതിയല്ല.ഏതാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് എന്നും ഏതാണ് അധമമായ പരദൂഷണ പ്രവര്‍ത്തനമെന്നും തിരിച്ചറിയാനാകാത്ത ഒരവസ്ഥയിലേക്കാണ് കേരളത്തിലെ മാധ്യമങ്ങള്‍ മാര്‍ച്ച് ചെയ്യുന്നത്.
തങ്ങളുടെ ഇമേജ് കാത്തുസൂക്ഷിക്കാനുള്ള ത്വരയില്‍ മാധ്യമങ്ങളെ ഭവ്യതയോടെ കാണുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ജനങ്ങളുടെ മനസിലും മാധ്യമങ്ങളാണ് സാമൂഹികജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്ന മിധ്യാധാരണ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.ഇത് പ്രത്യക്ഷത്തില്‍ തന്നെ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല.വാര്‍ത്തകള്‍ക്കെതിരെയോ മാധ്യമങ്ങള്‍ക്കെതിരെയോ പ്രതികരിക്കുന്നത് ജനതക്ക് എതിരെ പ്രതികരിക്കുന്നതാണെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുന്നകാര്യത്തില്‍ മാധ്യമങ്ങള്‍ വിജയിച്ചിട്ടുണ്ട്.വളരെ പെട്ടെന്ന് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും വളരെ പെട്ടെന്ന് അതില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടുകയും ചെയ്യാന്‍ കഴിവുള്ള ശക്തിയായി മാധ്യമം മാറിയതോടെ രാഷ്ട്രീയകക്ഷികളും നേതാക്കന്‍മാരും മാധ്യങ്ങള്‍ക്ക് മുന്നില്‍ പെരുമാറാന്‍ ഒരുതരം പ്രൊഫഷണല്‍ അപ്രോച്ച് സ്വീകരിച്ചുതുടങ്ങിയത് നമുക്ക്കാണാന്‍ കഴിയും.കേരളത്തിലെ മാധ്യമ അന്തരീക്ഷം മനസിലാക്കിപ്രവര്‍ത്തിക്കും എന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രസ്താവന ഈ രീതിയിലുള്ള ഒരു ചൂണ്ടാണിയാണ്. മാധ്യമങ്ങളുടെ ഇം‌ഗിതത്തിനനുസരിച്ച് പെരുമാറാന്‍ പഠിക്കും എന്നതാണ് പുതിയ രാഷ്ട്രീയ നേതൃത്വം കണ്ടെത്തിയിരിക്കുന്ന പോംവഴി. വാര്‍ത്തകളേയും വ്യക്തികളേയും എങ്ങനെയാണ് പ്രെസെന്റ് ചെയ്യുന്നത് എന്നത് വാര്‍ത്തയുടേയും വ്യക്തിയുടേയും വിപണനമൂല്യം കൂട്ടും എന്ന തിരിച്ചറിവാണ് ഈ കീഴടങ്ങലുകള്‍ക്ക് കാരണം. തങ്ങളെ പ്രെസെന്റ് ചെയ്യാനും വിജയകരമായി വിപണനം ചെയ്യാനും ഉള്ള മാധ്യമങ്ങളുടെ കഴിവിന് അനുരൂപമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ വഴങ്ങിക്കൊടുക്കുക എന്ന ചിന്തയുടെ അവസാനത്തെ ഉദാഹരണം കൂടിയാണിത്. ടെലിവിഷന്‍ ചാനലുകളിലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വാര്‍ത്താ പരിപാടികളില്‍ പരിശീലനം സിദ്ധിച്ച അവതാരകരെ വെല്ലുന്ന തരത്തില്‍ രാഷ്ട്രീയ സാമൂഹിക രം‌ഗത്തുള്ളവര്‍ പെരുമാറുന്നത് നമുക്കിന്ന്‌ കാണാന്‍ കഴിയും.
ഇങ്ങനെ മാധ്യമങ്ങള്‍ക്ക് ഇച്ഛാശക്തി അടിയറവച്ചുകൊണ്ടിരിക്കുകയാണ് മലയാളി എന്നതാണ് സമകാലികസമൂഹം അഭിമുഖീകരിക്കുന്ന ദുരന്തം.ഇത് ഒരുപക്ഷേ അതിശയോക്തിയാണെന്ന് പറഞ്ഞ് ഭൂരിപക്ഷം പേരും തള്ളിക്കളഞ്ഞേക്കാം .പുറം ലോകം അറിയാതിരുന്ന പല വിഷയങ്ങളും അഴിമതിക്കഥകളും പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ ശ്ലാഘിക്കുന്നവര്‍ ഒരിക്കലും ഈ വാദം അം‌ഗീകരിച്ചുതരികയും ഇല്ല. എന്നാല്‍ കേരളത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നു എന്ന് അവകാശമുന്നയിക്കുന്ന, അങ്ങനെ ചെയ്യാന്‍ വലിയൊരളവില്‍ ശേഷിയുള്ള മാധ്യമങ്ങളെ താങ്ങിനിര്‍ത്തുന്ന പശ്ചാത്തലശക്തികളെക്കുറിച്ച് നാംആലോചിക്കണം. പ്രത്യക്ഷത്തില്‍ ജനതയുടെ നാവായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇവയെ നിയന്ത്രിക്കുന്നത് കച്ചവടക്കണ്ണോടെയുള്ള മുതലാളിത്തവ്യവസ്ഥയുടെ ഹൃദയമിടിപ്പുകളാണെന്ന് മനസിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല .പരസ്യങ്ങളെയാശ്രയിച്ചാണ് ഇന്ന് ഏതാണ്ട് എല്ലാ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത അനിഷേധ്യമാണ്. പരസ്യങ്ങള്‍ നല്‍കുന്നത് ഏറിയ പങ്കും വന്‍‌കിടകുത്തകകള്‍ ആണ് എന്നതും നമുക്കറിയാം. അപ്പോള്‍ ഈ മാധ്യമങ്ങളുടെ പ്രഥമ പരിഗണന പരസ്യദാതാവിനെ മുറിവേല്‍പ്പിക്കാതിരിക്കുക എന്നത് തന്നെയാവും എന്നകാര്യത്തിലും സംശയിക്കേണ്ടതില്ല.പരസ്യദാതാക്കള്‍ വലിയൊരളവും സമ്പത്തിന്റെ പ്രാമാണിത്തം കൊണ്ട് രാഷ്ട്രീയത്തിലെ സ്വാധീനശക്തികള്‍കൂടിയാണെന്നും പരോക്ഷമായെങ്കിലും ഭരണപരമായ തീരുമാനങ്ങളെ വഴിപിഴപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും കൂടി മനസിലാക്കണം. എന്നാല്‍ മാത്രമേ ഈ മാധ്യമ,മുതലാളിത്ത, ഭരണവര്‍ഗ്ഗ അച്ചുതണ്ടിനെ തിരിച്ചറിയാനാവുകയുള്ളു. ഈ അച്ചുതണ്ടിന്റെ ഭാഗമായിരിക്കുമ്പോഴും ജനതയുടെ വിശ്വാസമാണ് തങ്ങളുടെ നിലനില്‍പ്പിന്റെ ആധാരം എന്നത് കൊണ്ട് ഈ ബന്ധവും വിധേയത്വവും പുറത്തറിയാതിരിക്കാനുള്ള സര്‍ക്കസുകളില്‍ മാധ്യമങ്ങള്‍ നിരന്തരം ഏര്‍പ്പെടുന്നത് കാണാം.പ്ലാച്ചിമടയെക്കുറിച്ച് വിപ്ലവകരമായ റിപ്പോര്‍ട്ട് സം‌പ്രേഷണം ചെയ്യുന്ന ചാനലുകള്‍ തന്നെ കോളാ പരസ്യങ്ങളിലൂടെ പണം സമ്പാദിക്കുന്നതും റിയല്‍ എസ്റ്റേറ്റ് മാഫിയകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉള്‍പ്പെട്ടിട്ടുള്ള വാര്‍ത്തകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ആണെന്നുള്ളതും ഇത്തരം ചില സര്‍ക്കസുകള്‍ക്ക് ഉദാഹരണങ്ങളാണ്.ഈ സര്‍ക്കസിന്റെ അഭാവത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനവിജയം കൈവരിക്കുന്ന ഏതെങ്കിലും മാധ്യമങ്ങള്‍ ഉണ്ടെന്നുതന്നെയിരിക്കട്ടെ അവയ്ക്ക് വര്‍ഗ്ഗീയമായോ ജാതീയമായോ വിഭാഗീയ ചിന്തകള്‍ ഉള്ള പ്രചരിപ്പിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ പിന്തുണയുണ്ടായിരിക്കും എന്നതിലും സംശയം വേണ്ട.
ഭരണകൂടത്തിന്റെയോ മതത്തിന്റേയോ ചട്ടുകമായിട്ടായിരുന്നു ഇന്ന് നിലനില്‍ക്കുന്ന മാധ്യമങ്ങള്‍ ആദ്യകാലത്ത് ഉണ്ടായിവന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും .പുരോഗമനചിന്താഗതിയുള്ള ധിഷണാശാലികളുടെ ഇടപെടല്‍ അവയെ ആ നിലയില്‍ നിന്നും ഉയര്‍ത്തുകയും സാമൂഹികോന്നമനത്തില്‍ മറക്കാനാവാത്ത പങ്കു വഹിക്കാന്‍ സഹായിക്കുകയും ചെയ്തു.എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ബഹുഭൂരിപക്ഷവും (മുഴുവനും എന്നു പറയുന്നതിലും തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല) സാമ്പത്തിക മേധാവികളുടേയോ മതത്തിന്റേയോ ജാതിയുടേയോ മറ്റ് വിഭാഗീയ ചിന്താഗതികളുടേയോ ചട്ടുകമായി പഴയ അവസ്ഥയിലേക്ക് തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഇന്ന് ഭരണകൂടം കാശില്ലാത്ത കാരണവരുടെ അവസ്ഥയിലാണ് ഉള്ളത് എന്ന് നമുക്കറിയാം.വികസനത്തിന് സ്വകാര്യമൂലധനമില്ലാതെ മറ്റുവഴിയൊന്നുമില്ല എന്ന് തൊഴിലാളിവര്‍ഗ്ഗകക്ഷികള്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന കാലമാണിത്.അതുകൊണ്ട്തന്നെ വരാനിരിക്കുന്ന സ്വകാര്യമൂലധനത്തിന്റെ കാലഘട്ടത്തില്‍ ഭരണം കുത്തകമുതലാളികളുടെ കടിഞ്ഞാണിലായിരിക്കും എന്നതിനും സംശയമൊന്നുമില്ല. ഈ അവസ്ഥയില്‍ ഇന്ന് നിലനില്‍പ്പിന് ഈ മുതലാളിമാരെ ആശ്രയിക്കുന്ന മാധ്യമങ്ങള്‍ക്ക് വരും കാലത്തും ഇവരുടെ വാലാട്ടിപ്പട്ടികളായിരിക്കാനേ കഴിയൂ എന്ന സത്യവും നാം മറന്നുകൂടാ. ഈ അവസരത്തിലാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയിരുന്നതും നവീനമായ മാധ്യമകാലാവസ്ഥയില്‍ തകര്‍ന്നടിഞ്ഞതുമായ നാടകം,കഥാപ്രസംഗം മുതലായ മാധ്യമസ്വഭാവമുള്ള പുരാതന കലാരൂപങ്ങളും സിനിമ, ഇന്റെര്‍നെറ്റ് ബ്ലോഗിങ്ങ് മുതലായ നവീനമാധ്യമങ്ങളും ശക്തിയാര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യം നാം തിരിച്ചറിയുന്നത്.
ജനതയുടെ മനസിനെ ശക്തമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ള ഒരു മാധ്യമമാണ് സിനിമ. സിനിമയുടെ പരാധീനതകള്‍ എന്തുതന്നെയായാലും അത് ജനങ്ങളുടെ പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നത് വിസ്മരിക്കാനാവില്ല.പരസ്യങ്ങളും മുതലാളിത്തത്തിന്റെ പണവുമൊക്കെ സിനിമയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാനപരമായ വരുമാന മാര്‍ഗ്ഗം ജനങ്ങളുടെ പണമാണ്.അതുകൊണ്ട് തന്നെ ജനതയോട് ഉത്തരവാദിത്തമുള്ള ഒരു മാധ്യമമായി നിലനില്‍ക്കാന്‍ അതിനു കഴിയേണ്ടതാണ് .എന്നാല്‍ മലയാളസിനിമക്ക് ഇതുവരെയും കേരളത്തിന്റേ മണ്ണില്‍ അത്തരം ഒരു തലത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.മലയാള സിനിമ വളരെ അപൂര്‍വ്വമായി മാത്രമേ മലയാളത്തില്‍ ചുവടൂന്നിനിന്നിട്ടുള്ളു എന്നതാണ് പ്രധാനമായ കാരണം.ആദ്യ കാലഘട്ടത്തില്‍ അത് തമിഴില്‍ നിന്നോ ഹിന്ദിയില്‍ നിന്നോ ഉള്ള ഒരു വരുത്തനായിരുന്നെങ്കില്‍ പുതിയകാലത്ത് അത് തമിഴിലേക്കോ ഹിന്ദിയിലേക്കോ പോകാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു താലപ്പൊലിയാണ്.മലയാളത്തില്‍ ഉറച്ചു നിന്നിട്ടുള്ള സിനിമകളാണെങ്കില്‍ ബുദ്ധിപരമായി ഉയര്‍ന്ന ഒരു ജനവിഭാഗത്തിന്റെ ചര്‍ച്ചാമുറികളില്‍ മാത്രമേ കടന്ന് ചെന്നിട്ടുള്ളു.രണ്ടാമത്തെ കാരണം മലയാളിയുടെ സിനിമാ സംസ്കാരമാണ്.ഉന്നതമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ച് വിജയിപ്പിക്കാവുന്ന ഒരു മാധ്യമ സംസ്കാരം ചലച്ചിത്രപ്രവര്‍ത്തനങ്ങളുടെ 80 വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.
അന്യന്റെ സ്വകാര്യതകളില്‍ ഇടപെടാനുള്ള ത്വര മലയാളിക്ക് കൂടുതലാണ്.ജന്മനായുള്ള ഈ അപരസ്വകാര്യതയിലുള്ള താല്‍പ്പര്യമാണ് മലയാളിയെ മാധ്യമങ്ങളിലേക്ക് ഗാഡമായി അടുപ്പിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ ക്രിയാത്മകമായതെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നതും ഒട്ടും ഉല്പാദനപരമല്ലാത്തതുമായ ഒരു സ്വഭാവവൈകൃതം ആണിത്. എന്നാല്‍ ഈ മാനസിക ന്യൂനതയെ ഗുണപരമായി ഉപയോഗിക്കാന്‍ വലിയൊരളവുവരെ ടെലിവിഷന്റെ ആധിപത്യകാലത്തിന് മുന്‍പുള്ള മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്ന് അനുമാനിക്കണം.കടിക്കാനുള്ള നായയുടെ ജന്മവാസനയെ വീടുകാവലിന് ഗുണപരമായി ഉപയോഗിക്കുന്നത് പോലെ ഒരു പ്രക്രിയയാണ് അത്.എന്നാല്‍ വാര്‍ത്തകളെ വിപണനമൂല്യമുള്ള അസംസ്കൃതവസ്തുതകളായി കണ്ടെടുക്കുന്നതോടെ പരസ്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ട് വാര്‍ത്തകളെയും വിഷയങ്ങളെയും സമീപിക്കുന്നതിലൂടെ വര്‍ത്തമാന കാലത്തെ മാധ്യമസാഹചര്യങ്ങള്‍,സാമൂഹികോന്നമനത്തിന് അനുരൂപമായി പിടിച്ചു നിര്‍ത്തിയിരുന്ന ഈ അപരിഷ്കൃതമായജന്മസ്വഭാവത്തെ കയറൂരിവിടുകയാണ് ചെയ്യുന്നത്.പേയിളകിയ നായ നാട്ടുകാരെ മുഴുവനും കടിക്കാന്‍ തുടങ്ങുന്നതോടെ നായ ഒരു ഉപകാരി എന്ന നിലയില്‍ നിന്ന് അപകടകാരിയായ ഒരു വന്യജന്തു എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.ഇതേ പരിവര്‍ത്തനത്തിലേക്കല്ലേ അനിയന്ത്രിതമായ മത്സരവും ലാഭക്കൊതിയും കാരണം മാധ്യമങ്ങള്‍ നമ്മെക്കൊണ്ടെത്തിക്കുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ