സാധാരണത്വത്തിന്റെ നിലപാടുതറയില്‍ |
ഓര്‍മ്മ |
എഴുതിയത് പി രാമന്‍ |
ജീവിതാനുഭവങ്ങള്‍ കാവ്യാനുഭവങ്ങളായി മാറുമ്പോള്‍ അവക്കു സംഭവിക്കുന്ന രാസപരിണാമം എന്താണ്?പൊതുവേ ആശയലോകത്തിനു പ്രാധാന്യം കൂടുതല്‍ നല്‍കുന്ന മലയാളകവിതയില്‍ ഇതു നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ തുലോം കുറവാണ്.എങ്കിലും കണ്ടുവരുന്ന ചില രീതികള്‍ അനുഭവത്തെ മഹത്വപ്പെടുത്തുക,ദുരൂഹമാക്കുക,രാഷ്ട്രീയ സാംസ്കാരിക മാനങ്ങള്‍ നല്‍കി വിപുലീകരിക്കുക,സംഗീതം,ചിത്രം, നാടകം, ശില്പം,ചലച്ചിത്രം തുടങ്ങിയ മറ്റു കലകളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുപയോഗിച്ച് മുഴക്കമുള്ളതാക്കുക,ഫലിതവും ഐറണിയുംകൊണ്ടു വക്രിപ്പിക്കുക എന്നിവയാണ്.ഇതിന്റെ ഫലമായി കവിതയിലെ അനുഭവതലത്തിന് അസാധാരണമാം വിധം അല്ലെങ്കില്‍ അമാനുഷികമാംവിധം കനം വക്കുന്നു.ചിലസന്ദര്‍ഭങ്ങളിലെങ്കിലും സാധാരണജീവിതാനുഭവങ്ങളെ സാധാരണവലിപ്പത്തോടെ കവിതയില്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കാറുണ്ട്.അനുഭവത്തിന് അസാധാരണത്വം നല്‍കി കൊഴുപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്ന കവിയാണ് പുലാക്കാട്ടു രവീന്ദ്രന്‍.ഇതുവഴി തെളിമയും ഋജുതയും പുലാക്കാടിന്റെ കവിതക്കു കൈവരുന്നു-ആഴവും പരപ്പും കുറവാണ് എന്ന തോന്നലിനിടയിലും ആ കവിത വായനക്കാരനെ സന്തോഷിപ്പിക്കുന്നു.അനുഭവത്തെ പെരുപ്പിക്കല്‍ മാത്രമല്ല കാവ്യകലയുടെ ധര്‍മ്മം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പുലാക്കാടിന്റെ കവിതയുടെ ഈ സവിശേഷനില ചില ഉദാഹരണങ്ങളിലൂടെ വിവരിക്കാന്‍ ശ്രമിക്കാം.മരിച്ചാല്‍ മനുഷ്യന്‍ എവിടെപ്പോകുന്നു എന്ന മനുഷ്യസാധാരണമായ കൌതുകം പുലാക്കാട് അവതരിപ്പിക്കുന്നതു നോക്കുക: പോയവര്‍തന്‍ കാലടികൂടി- പ്പതിവീലല്ലോ മണ്ണില്‍ അവര്‍ പോയതുമെങ്ങോട്ടാവാം അറിവീലറിവീലല്ലോ ഊരിയ കുപ്പായം,കണ്ണട ഉന്നാനുള്ളൊരു വടിയും ഇട്ടേച്ചാണവര്‍ പോയതുപോലും അത്ഭുതമത്ഭുതമല്ലേ? ഉണ്ടെഴുനേറ്റീടും മുമ്പേ ഒരുവിളികേട്ടാണവര്‍ പോയി പാതിയടങ്ങിയ പശിയും പറയാതുള്ളൊരു വാക്കും ഇത്രതിടുക്കത്തില്‍ പോയൊരു ദിക്കേതെന്നറിയാമോ? ഇവിടെ വിടര്‍ന്നീടാപ്പൂവുക ളവിടെ മണം വീശുന്നുണ്ടോ? ഇങ്ങില്ലാക്കിളികളുമവിടെ സംഗീതം പെയ്യുവതുണ്ടോ? എന്താണ് ഈവരികളുടെ സവിശേഷത? ഭാവനയുടെ അത്ഭുതകരമായ വൈചിത്ര്യം ഇവിടെയില്ല.മറിച്ച് സാധാരണത്വത്തിലാണ് ഊന്നല്‍.മറ്റൊരു കവിതയില്‍ (രോഗം) ഒരു രോഗിയുടെ മാനസികാവസ്ഥ,അതിന്റെ സാധാരണത്വത്തെ തലോടിക്കൊണ്ട് കവി ഇങ്ങനെ അവതരിപ്പിക്കുന്നു: അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നൊ- രാവിവണ്ടിക്കൊപ്പമായൊരെന്നെ ആകാശം നോക്കി മലര്‍ന്നുകിടക്കുവാന്‍ രോഗമേ നീയൊരാള്‍താന്‍ തുണപ്പൂ എന്നെയേതാണ്ടെനിക്കൊന്നുകാട്ടിത്തരാന്‍ നിന്നേപ്പോല്‍ മറ്റാര്‍ക്കു സാധിക്കുന്നു! എന്തിനെക്കുറിച്ചെഴുതുമ്പോഴും രവീന്ദ്രന്‍മാസ്റ്റര്‍ പുലര്‍ത്തുന്ന ഈ നില കവിതയെ എന്റെ വീട്ടകംപോലെ പ്രിയംകരമാക്കുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാഷ ഗ്രാമ്യമെന്നുവിശേഷിപ്പിക്കാവുന്ന ഒരു ചുരുള്‍ നിവര്‍ത്തുന്നത് നാം കാണുന്നു.ഉണ്ടെണീക്കുംമുമ്പുള്ളവിളികേള്‍ക്കലും ആകാശം നോക്കി മലര്‍ന്നുകിടക്കലും എന്നെ ഏതാണ്ടെനിക്കൊന്നു കാട്ടിത്തരലുമെല്ലാം കാവ്യശരീരത്തിലെ മര്‍മ്മങ്ങളാകുന്നു. ഒറ്റക്കിരിക്കുന്ന കുട്ടിയുടെ ഒരു ചത്രമാണ് കുട്ടി എന്ന കവിത. ബൊമ്മകളുടെ നടുവില്‍ ബലൂണുകളുടെ നടുവില്‍ പളുങ്കുഗോട്ടികള്‍,പമ്പരമൊരുപിടി പക്ഷിത്തൂവലിനരികില്‍ ഏകാന്തതയുടെ തടവില്‍ ചുരുണ്ടുചൂളിയിരിക്കുന്നുണ്ടൊരു കിളിന്തുജീവന്‍ നിഴലില്‍ ചുറ്റുമുള്ള വസ്തുക്കളുടെ സ്വഭാവത്തിനിണങ്ങുന്ന തരത്തില്‍ ചുരുണ്ടു ചൂളിയിരിക്കുന്ന ഒരു കിളിന്തുജീവനായികുട്ടിയെ കാണുന്നു.തന്റെ കാവ്യലോകത്തിലെ വസ്തുവഹകള്‍ക്കു യോജിച്ച തരത്തില്‍ ഭാഷ വിന്യസിക്കാനുള്ള ശ്രദ്ധ എവിടെയും കാണാം.ആ വസ്തുവഹകളാവട്ടെ മിക്കതും ഗ്രാമീണമായതുകൊണ്ട് കാവ്യഭാഷയും ഗ്രാമീണമാകുന്നു.ഇങ്ങനെ,അനുഭവത്തിന്റെ സാധാരണത്വത്തിലൂന്നിയുള്ള നില്പ്, ഗ്രാമീണമായ വസ്തുവഹകളുടെ സന്നിവേശം,ഭാഷയുടെ ഗ്രാമീണമായ അടരുകള്‍ എന്നിവ ചേര്‍ന്ന് പുലാക്കാട്ടു രവീന്ദ്രന്റെ കവിതയെ ശരിക്കും ഗ്രാമീണകവിതയാക്കിയിരിക്കുന്നു. ഈലോകത്തു ജീവിക്കാന്‍ പരിമിതമായ ഭൌതികവസ്തുക്കളേ വേണ്ടൂ,അപരിമിതമായ വൈകാരികബന്ധങ്ങളുണ്ടെങ്കില്‍ എന്നോര്‍മ്മിപ്പിക്കുന്നു പുലാക്കാടിന്റെ കവിത.ശേഷിച്ചകാലം കഴിഞ്ഞുകൂടാന്‍ പൊന്ന് ഒസ്യത്തായി തരണേയെന്ന് പോക്കുവെയിലിനോട് അപേക്ഷിക്കുകയാണ് പോക്കുവെയില്‍ എന്നകവിതയില്‍. പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാം ഒസ്യത്തെഴുതി തന്നേച്ചുപോണേ,തന്നേച്ചു പോണേ അന്തിക്കു പക്ഷികള്‍ കൂടണയുമ്പോള്‍ ചന്തപിരിയുമ്പോള്‍ വേലതീരുമ്പോള്‍ പാടമൊഴിയുമ്പോള്‍ ചൂടുതാഴുമ്പോള്‍ വീടിന്റെ നേര്‍ക്കു വിചാരം നീളുമ്പോള്‍ പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാം ഒസ്യത്തെഴുതി തന്നേച്ചുപോണേ,തന്നേച്ചു പോണേ പോകാതിരിക്കില്ല നീയെന്നു തീര്‍ച്ച ചാകാതിരിക്കില്ല ഞാനെന്നും തീര്‍ച്ച ചാവോളം ജീവിച്ചിരിക്കാനെനിക്കു പോക്കുവെയിലേ,പോക്കുവെയിലേ നിന്‍ പൊന്നായ പൊന്നെല്ലാംഒസ്യത്തെഴുതി തന്നേച്ചുപോണേ തന്നേച്ചു പോണേ പ്രകൃതി, വേലപൂരങ്ങള്‍,കുട്ടികളുടെ ലോകത്തുനിന്നുള്ള വസ്തുക്കള്‍,വിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,ജനനമരണങ്ങള്‍ പോലുള്ള നിത്യജീവിത പ്രതിഭാസങ്ങള്‍എന്നിവ പുലാക്കാടിന്റെ കാവ്യലോകത്തു നാമെപ്പോഴും കണ്ടുമുട്ടുന്നു.സാധാരണത്വത്തിന്റെ നാട്ടുവെളിച്ചത്തിലാണ് ഇവയെല്ലാമെന്ന് നേരത്തേ സൂചിപ്പിച്ചു. ആത്മീയതപോലും അങ്ങനെയാണ്.ഉണ്ടോ ഇല്ലയോ എന്ന സംഘര്‍ഷമവതരിപ്പിക്കുന്ന പഴനിയില്‍ എന്ന കവിത നോക്കുക. ഭനീ വെറും നുണ',ഭനീയേ സത്യം'ഈ വാഗ്വാദത്തിന്‍ താഴ ്വരകളില്‍നിന്നും ഞാന്‍ ക്രമാലുയരുമ്പോള്‍ പെട്ടെന്നെന്‍ സൌന്ദര്യബോധത്തിന്റെ കണ്ണഞ്ചുന്നെന്‍ യുക്തിവാദത്തിന്‍ കയ്യും കൂമ്പുന്നു ഞാനോരാതെ. ഊരിവീഴുന്നൂ പുരം പൂച്ചേലുമുടുപ്പുക- ളോരോന്നുമൊരു ഹോമജ്വാലയാവുന്നൂ ജീവന്‍ എന്നിലെയറ്റംകാണാക്കരിനീരാഴിപ്പര- പ്പൊന്നാകെ യൊരൂ തീര്‍ത്ഥക്കുമ്പിളായ്തുളുമ്പുന്നൂ ഞാനെന്ന ബോധം വളഞ്ഞൊരു കാവടിയായി- ത്തീരുന്നു,കണ്‍പീലിമേല്‍ കര്‍പ്പൂരമലിയുന്നു അഗമ്യമല്ലാത്ത ഒരുയരമാണ് കവിക്ക് ആത്മീയാനുഭൂതി.ദൈവികത താഴ്ന്നിറങ്ങി വരികയാണെന്നും പറയാം.അമ്പാടിക്കുട്ടന്‍ എന്നകവിത നോക്കുക: കേവലമൊരു കല്ലായിരുണ്ട പാഴ്- ക്കോവിലില്‍ കിടന്നീടുവാന്‍ വയ്യാഞ്ഞോ പുല്‍ക്കുഴലുമായ് നീയൊലിച്ചെത്തുന്നു പൂഴിച്ചോറാടാനെന്റെ യമ്പാടിയില്‍ നിനച്ചിരിക്കാതെ ലഭിക്കുന്ന ഈ ഭാഗ്യം പൂമൂടല്‍ എന്ന കവിതയിലും കാണാം. അകത്തുനിന്നും ബന്ധിച്ചിട്ടൊരമ്പലവാതി- ലതിവിസ്മയമിപ്പോള്‍ തനിയേ തുറന്നല്ലോ മണ്ഡപത്തിലെ യോരോ മണിയുമതീത ജ- •ാന്തരങ്ങള്‍തന്‍ മന്ത്രമായിതാ മുഴങ്ങുന്നൂ ഇനിയേതമ്പും കൊള്ളാമെനിക്കെന്നായീ പൂന്തേന്‍ കിനിയും നറും പൂവായതു മാറിടുമല്ലോ. കാതരമിഴികളാല്‍ പൂമൂടിപ്പൂമൂടിയി- ക്കാടനെക്കാടാമ്പുഴ മൂര്‍ത്തിയാക്കുക ദേവീ. ദൈവമായിത്തന്നെയും മാറാവുന്നതേയുള്ളൂ എന്നൊരമര്‍ത്തിയ നര്‍മ്മം ഇവിടെയുണ്ട്.പ്രാദേശിക ദേവതകളാണ് കവിതകളിലെന്നതും ശ്രദ്ധിക്കാം. ചിരിച്ചിക്കാവിലമ്മയെക്കുറിച്ചുകൂടിയുണ്ട് കവിത.ചിരി വഴിപാടായ അമ്മയോട് എത്രചിരിച്ചിട്ടും കണ്ണീരിനറുതിയില്ല എന്നുക്ഷമാപണം ചെയ്യുകയാണു കവി. അസാധാരണത്വത്തിന്റെ മായികമായ ഉയരത്തില്‍ കവി കാണുന്നത് ഒന്നുമാത്രം-കവിത.കാവ്യകലയെക്കുറിച്ച് മലയാളത്തിലുണ്ടായ നല്ല കവിതകളിലൊന്നാണ് നീലക്കൊടുവേരി. കവിതേ നീയൊരു നീലക്കൊടുവേരി കറുത്ത വാവിന്‍ രാപ്പാതിയിലേ ഓരിലവിരിയും നീലക്കൊടുവേരി. പടം വിടര്‍ത്തിയ പാമ്പുകണക്കേ പത്രം വീശും നീലക്കൊടുവേരി. കാടു മറപ്പേന്‍ കാട്ടിലെ നാനാ ഭീതികളോടൊപ്പം കാണുന്നതു ഞാന്‍ കവിതേ നീയാം നീലക്കൊടുവേരി. വീടു മറപ്പേന്‍ വീട്ടിലെ നാനാ സൊല്ലകളോടൊപ്പം വിസ്മൃതിപൂകാതുള്ളതു നീയാം നീലക്കൊടുവേരി. പറിച്ചുനിന്നെക്കൈവശമാക്കാ- നെന്തൊരു പാടെന്നോ പിറന്ന പാടേയുള്ളൊരു ചന്തം ചുരന്നെടുക്കാഞ്ഞാല്‍ അഴിച്ചുവെപ്പേന്‍ ഞാനിന്നെന്റെ പുറം കോപ്പുകളെല്ലാം അരയിലൊരിത്തിരിനൂലുമുടുക്കാ- തണവേന്‍ നിന്‍ മുന്നില്‍ ഇരുണ്ട വാനം,മൂകത,വിജനത ഉതകിയ നേരമിതേ കുരുന്നുവിരല്‍ നീ നീട്ടിടുകെന്നുടെ ഇരുമ്പു പൊന്നാവാന്‍ ഗ്രാമീണഭാവനയിലെ അത്ഭുതസസ്യത്തെക്കുറിച്ചുള്ള മിത്തിനെ ഒന്നുനീട്ടിയെടുത്തതാണ് ഈ കവിത.ആടയാഭരണങ്ങളില്ലാതെ,വെച്ചുകെട്ടലുകളില്ലാതെ സമീപിച്ചാല്‍ കവിത കനിയുകതന്നെ ചെയ്യും.ഈകാഴ്ചപ്പാടാണ് പുലാക്കാടിന്റെ കവിതയെ ഇവ്വിധം ഋജുവാക്കിയത്. ആടയാഭരണങ്ങളോടുള്ള ഭ്രമക്കുറവാകാം ഗദ്യം ഉപയോഗിക്കാന്‍ രവീന്ദ്രന്‍ മാസ്റ്ററെ പ്രേരിപ്പിക്കുന്നത്.ആധുനിക കവിത ഗദ്യത്തില്‍ തകര്‍ത്തുപെയ്ത കാലത്താണ് ഈകവി തനതായ ഗദ്യം പ്രയോഗിച്ചത്.പൂരം എന്ന കവിത നോക്കാം: നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളി നില്‍ക്കുന്ന പൂരനിലാവ്. മുഖങ്ങളില്ലാത്ത പുരുഷാരത്തിന്റെ കടലിരമ്പം. മടിക്കുത്തഴിക്കുന്ന തെരുവുകള്‍ മനോരഥങ്ങളുടെ കുടമാറ്റങ്ങള്‍ നിലം തൊടാത്ത ബലൂണുകള്‍ നിലം വിടാത്ത ആനപ്പിണ്ടങ്ങള്‍ എന്തിനേറെ അത്രയും വിലപ്പെട്ടതെന്നു കരുതി നാം ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കുന്ന ജീവിതം ഇതാ ഈ പൂരപ്പറമ്പില്‍ വെറും വെടി. ആധുനികതയുടെ പൊതു ഗദ്യത്തില്‍ നിന്നും വ്യത്യസ്തമാണീ ഗദ്യം. പുലാക്കാട്ടു രവീന്ദ്രന്‍ മാസ്ററുടെ കവിതകളെക്കുറിച്ച് ധൃതിപിടിച്ചെഴുതിയ ഒരു കുറിപ്പാണിത്. ചുണ്ടില്‍ മായാതെ നില്‍ക്കുന്ന വരികള്‍ ഉദ്ധരിക്കാന്‍ കിട്ടിയ ഒരവസരം എന്നുമാത്രം.ആത്മാര്‍ത്ഥതയുടെ മുറുക്കമിയന്ന രവീന്ദ്രകവിത അലസവായനക്കുള്ളതല്ലെന്ന തിരിച്ചറിവോടെ ഇതവസാനിപ്പിക്കട്ടെ. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ